ജെ.എൻ.യു വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ സംഘർഷം
Tuesday 10 December 2019 1:25 AM IST
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഹോസ്റ്റൽ ഫീസ് വർദ്ധന പൂർണമായും പിൻവലിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സർക്കാർ നിരസിച്ചതോടെയാണ് ഒരു മാസത്തിലേറെയായി സമരരംഗത്തുള്ള വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. ഫീസ് വർദ്ധന പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരായ എല്ലാ പൊലീസ് കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ നേരത്തെ ഇ മെയിൽ അയച്ചിരുന്നു.