എസ്.പി.ജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം: നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

Tuesday 10 December 2019 8:26 AM IST

ന്യൂഡൽഹി: എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും മാത്രമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി,​ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ നേരത്തെ എടുത്തു കളഞ്ഞിരുന്നു. നെഹ്‌റു കുടുംബത്തിന് ഇപ്പോൾ സി.ആർ.പി.എഫ് സുരക്ഷയാണ് നൽകുന്നത്. ഇത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം മുമ്പ് ആരോപിച്ചിരുന്നു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.