പൗരത്വ നിയമഭേദഗതി ബിൽ: അസമിൽ 12 മണിക്കൂർ ബന്ദ് ആരംഭിച്ചു, പരക്കെ ആക്രമണം

Tuesday 10 December 2019 9:12 AM IST

ദിസ്‌പൂർ: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ അസമിൽ 12 മണിക്കൂർ ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബില്ലിനെതിരെ സംസ്ഥാനത്ത് പലയിടത്തും ആക്രമണമുണ്ടായി. മൂന്ന് വിദ്യാർത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന് മുൻനിരയിലുള്ളത്.

അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പരീക്ഷകൾ മാറ്റിവെച്ചു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയിരുന്നു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനങ്ങളെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വിവാദ പൗരത്വ ഭേദഗതി ബിൽ ഇന്നലെയാണ് ലോക് സഭ പാസാക്കിയത്. 391 അംഗങ്ങൾ പങ്കെടുത്ത് വോട്ടെടുപ്പിൽ 311 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 80 പേർ ബില്ലിനെ എതിർ‌ത്തു.

പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആർ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു. തങ്ങൾ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വർഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.