അതിന്റെ ആലോചനകൾ നടക്കുന്നതേയുള്ളു, ​മറ്റെല്ലാ വാർത്തകളും ഫെയ്ക്ക്: വെളിപ്പെടുത്തലുമായി വിഷ്ണു ഉണ്ണികൃഷ്ണൻ

Tuesday 10 December 2019 9:49 AM IST

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ,​ നിത്യഹരിത നായകൻ,​ഒരു യമണ്ടൻ പ്രേമകഥ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിഷ്ണു സിനിമാ ലോകത്ത് കാലെടുത്തുവെച്ചത്. നടൻ എന്നതിലുപരി നല്ലൊരു തിരക്കഥാകൃത്തുകൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അമർ അക്ബർ അന്തോണി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെയെല്ലാം തിരക്കഥ സുഹൃത്തും നടനുമായ ബിബിൻ ജോർജുമായി ചേർന്നാണ് എഴുതിയത്. എന്നാൽ മോഹൻലാലിനെവെച്ചുള്ള ഒരു സിനിമയ്ക്ക് വിഷ്ണു ഉണ്ണികൃഷ്ണൻ ഒറ്റയ്ക്ക് തിരക്കഥ എഴുതുന്നു എന്ന രീതിയിലുള്ള കിംവദന്തികളുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

'പുതിയ സ്ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് മോഹൻലാലിനെവെച്ച് ഞാൻ ഒറ്റയ്ക്ക് സ്ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ വാർത്ത വന്നു. ഇത് കേൾക്കുമ്പോൾ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. അടുത്ത സ്ക്രിപ്റ്റ് ഞങ്ങൾ രണ്ടുപേരും കൂടിയായിരിക്കും എഴുതുക. അതിന്റെ ആലോചനകൾ നടക്കുന്നേയുള്ളു. മറ്റെല്ലാ വാർത്തകളും ഫെയ്ക്ക് ആണ്'-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. മോഹൻലാലിന്റെ ബിഗ് ബ്രദറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ.