സി.ആർ.പി.എഫ് ജവാൻ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു
ന്യൂഡൽഹി: സി.ആർ.പി.എഫ് ജവാൻ നടത്തിയ വെടിവെപ്പിൽ രണ്ട് മേലുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ബൊക്കാറോയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സി.ആർ.പി.എഫ് ജവാനാണ് രണ്ട് മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം.
സി.ആര്‍.പി.എഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് തന്റെ അസ്സിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും വെടിവെച്ചു കൊലപ്പെടുത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടല്ലെന്നും, ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ സുരക്ഷ ഉദ്യോഗസ്ഥർ സഹപ്രവർത്തകരെ കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ ചത്തീസ്ഗഢ് സായുധ സേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തിരുന്നു.