സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി അർദ്ധസൈനിക ഓഫീസർ കൊല്ലപ്പെട്ടു
ആലുവ: ഛത്തീസ്ഗഡിൽ നിന്നു ജാർഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് സി.ഐ.എസ്.എഫ് ഓഫീസർ കൊല്ലപ്പെട്ടു. ആലുവ മുപ്പത്തടം പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് സ്റ്റേഷൻ റോഡിൽ സൗഹൃദനഗർ എസ്.എസ്. ഭവനിൽ ബാലന്റെ മകൻ ഷാഹുൽ ഹർഷനാണ് (28) കൊല്ലപ്പെട്ടത്. മറ്റൊരു ജവാൻ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ സി.ഐ.എസ്.എഫിന്റെ വാഹനത്തിൽ ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു സംഭവം.
നക്സൽ ആക്രമണത്തിൽ വീരമൃത്യുവരിച്ചുവെന്നായിരുന്നു ആദ്യം വിവരം. തുടർന്ന് അന്വേഷിച്ചപ്പോൾ സഹപ്രവർത്തകന്റെ വെടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ബിടെക് ബിരുദധാരിയായ ഷാഹുൽ അഞ്ച് വർഷം മുമ്പാണ് സി.ഐ.എസ്.എഫ് അസി. കമൻഡാന്റായി സർവീസിൽ പ്രവേശിച്ചത്. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
പിതാവ് ബാലൻ (റിട്ട. എയർഫോഴ്സ്) കണ്ണൂർ സ്വദേശിയാണ്. ലീലയാണ് അമ്മ. അഡ്വ. ഷബർഷ ഏക സഹോദരി. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 9.30ഓടെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.