മകളെ കൊന്ന് കഷ്ണങ്ങളാക്കി: പിതാവ് പിടിയിൽ
മുംബയ്: മകളെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊലീസ് പിടിയിൽ. തിത്‌വാല സ്വദേശിയായ അരവിന്ദ് തിവാരിയാണ് (47) മകൾ പ്രിൻസിയെ (22) കൊലപ്പെടുത്തിയത്. മകൾ ഇതരസമുദായാംഗമായ സഹപ്രവർത്തകനെ വിവാഹം ചെയ്യാനാഗ്രഹിച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നത്. പ്രിൻസിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്‌കേസിലാക്കി ആട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അരവിന്ദ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളാണ് ബാഗിലെന്ന് കണ്ടെത്തിയത്. ശരീരത്തിന്റെ കീഴ്‌പോട്ടുള്ള ഭാഗമാണ് പെട്ടിയിലുണ്ടായിരുന്നതെന്നും ബാക്കി ഭാഗത്തിനായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ബിരുദധാരിയായ പ്രിൻസി ഒന്നിച്ച് ജോലി ചെയ്യുന്ന മുസ്ലിം യുവാവുമായി പ്രണയത്തിലായതറിഞ്ഞ പിതാവ് നിരന്തരമായി കലഹിച്ചിരുന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന പ്രിൻസിയുടെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിന്തുടർന്നെത്തിയാണ് അരവിന്ദിനെ പൊലീസ് പിടികൂടിയത്. വീട്ടിലെത്തി മകളെ കുറിച്ചന്വേഷിച്ച പൊലീസിനോട് ആദ്യം അറിയാത്ത ഭാവം നടിച്ചെങ്കിലും തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. താനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.