ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി അതിർത്തിയോ ? പാർലമെന്റിൽ അമിത്ഷായെ കളിയാക്കിയ പ്രതിപക്ഷം വീണത് കുഴിയിൽ, പാകിസ്ഥാനും മുന്നറിയിപ്പ്
ലോക്സഭ പാസാക്കിയ വിവാദ പൗരത്വഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ലോക്സഭയിൽ നിന്നും വ്യത്യസ്തമായി വ്യക്തമായ ഭൂരിപക്ഷം ഭരണകക്ഷിക്ക് രാജ്യസഭയിൽ ഇല്ലാത്തതിനാൽ ബിൽ വോട്ടെടുപ്പിൽ പാസാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. എന്നാൽ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയിൽ പ്രതീക്ഷ അർപ്പിച്ച് മുന്നോട്ടു പോകുകയാണ് സർക്കാർ. 241 അംഗങ്ങളുള്ള രാജ്യസഭയിൽ ടി.ഡി.പി (2), ബി.ജെ.ഡി (7), വൈ.എസ്.ആർ കോൺഗ്രസ് (2) എന്നിവരുടേതടക്കം 129 എം.പിമാരുടെ പിന്തുണയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ആറ് അംഗങ്ങളുള്ള ടി.ആർ.എസും ശിവസേനയുടെ മൂന്നും ചേർത്ത് 112 പേരാണ് പ്രതിപക്ഷത്തുണ്ടാവുക.
രാജ്യസഭയിലും ബിൽ പാസായാൽ മോദി സർക്കാരിന്റെ നേട്ടമായി ബി.ജെ.പി പൗരത്വഭേദഗതി നിയമത്തെ എടുത്തുകാട്ടും എന്നുറപ്പാണ്. നേരത്തെ ലോക്സഭയിൽ ബിൽ അവതരണവേളയിൽ നാടകീയമായ നിരവധി സംഭവങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. അർദ്ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 311 പേർ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 80 പേർ എതിർത്ത് വോട്ടു രേഖപ്പെടുത്തി.
ഇന്ത്യയുടെ പാർലമെന്റിൽ പൗരത്വഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അയൽരാജ്യങ്ങളും ആകാംക്ഷയിലാണ്. ലോക്സഭയിൽ സംസാരിക്കുന്നതിനിടെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങി ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നും മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വത്തിന് അർഹതയെന്ന് അമിത്ഷാ പ്രസ്താവിച്ചിരുന്നു. എന്നാൽ ഈ സന്ദർഭത്തിൽ അഫ്ഗാനിസ്ഥാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്നുണ്ടോ എന്ന ചോദ്യം ലോക്സഭയുടെ പ്രതിപക്ഷ ബെഞ്ചിൽ നിന്നും പരിഹാസച്ചുവയോടെ ഉയർന്നു. പ്രതിപക്ഷത്തിന്റെ പരിഹാസത്തെ കൃത്യതയോടെ നേരിടുകയാണ് അമിത് ഷാ ചെയ്തത്. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യം അഫ്ഗാനുമായി 106 കിലോമീറ്റർ അതിർത്തി പങ്കിടുന്നു എന്ന് അർത്ഥശങ്കയില്ലാതെ അമിത്ഷാ പ്രതിപക്ഷത്തിന് മറുപടി നൽകി. നമ്മുടെ രാജ്യത്തിന്റെ അതിർത്തി സംബന്ധിച്ചു സംശയം ഉള്ളവർക്ക് അത് വിശദമായി പരിശോധിക്കാമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു, പി.ഒ.കെ ഇന്ത്യയുടെ ഭാഗമല്ലെന്ന് കരുതുന്നവരാണോ പ്രതിപക്ഷത്തെന്ന് അദ്ദേഹം തിരിച്ച് ചോദ്യമെറിഞ്ഞപ്പോഴാണ് പ്രതിപക്ഷത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. തുടർന്ന് അവർ മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഇന്ത്യ അഫ്ഗാൻ അതിർത്തി വിഷയത്തിൽ പിന്നീട് ചർച്ച സഭയ്ക്ക് പുറത്താണ് ചൂടുപിടിച്ചത്.
ഇന്ത്യയുടെ അതിർത്തിയിൽ കാശ്മീരിൽ പാകിസ്ഥാൻ അന്യായമായി ഇന്ത്യയുടെ ഭൂമി കൈവശം വയ്ക്കുന്നുണ്ട്. പി.ഒ.കെ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഭാഗത്തെ ഇന്ത്യ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിന്നും ജമ്മുകാശ്മീർ നിയമസഭയിലേക്ക് 24സീറ്റുകൾ ഇന്ത്യ ഒഴിച്ചിട്ടിട്ടുമുണ്ട്. പി.ഒ.കെ ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കിൽ അഫ്ഗാനിസ്ഥാനുമായി നേരിട്ട് വ്യാപാരബന്ധമടക്കം സ്ഥാപിക്കാൻ ഇന്ത്യയ്ക്കാവുമായിരുന്നു.
ഇനി ഇന്ത്യയുടെ ലക്ഷ്യം പി.ഒ.കെ
ഇന്ത്യ പാക് വിഭജനകാലം മുതൽക്കുള്ള കാര്യങ്ങൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന നയമാണ് ബി.ജെ.പി അടുത്തിടെ സ്വീകരിച്ചുപോരുന്നത്. പി.ഒ.കെയുടെ കാര്യത്തിലും സമാനമാണ് നിലപാട്. കാശ്മീരിനെ സംബന്ധിച്ചുള്ള 370മത് ആർട്ടിക്കിൾ പിൻവലിച്ച് ജമ്മുവിന് പൂർണ സംസ്ഥാന പദവി നൽകിയപ്പോഴും ഇനി ഇന്ത്യയുടെ ലക്ഷ്യം പി.ഒ.കെയാണ് എന്ന തരത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇനി കാശ്മീരിനെ കുറിച്ചല്ല പി.ഒ.കെയെ പറ്റി ചർച്ച ചെയ്യാം എന്ന പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു.
ദേശീയ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അരങ്ങേറുമ്പോഴും പാക് മണ്ണിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് ശക്തമായേക്കാം. രാജ്യസഭയിലും പൗരത്വ ഭേദഗതി ബിൽ പാസാകുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം മതി.