നിർമ്മാതാക്കൾക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണ്, ക്ഷമചോദിക്കുന്നു: ഷെയ്‌ൻ നിഗം

Wednesday 11 December 2019 4:08 PM IST

നിർമ്മാതാക്കൾക്കെതിരായ പ്രസ്‌താവനയിൽ ക്ഷമാപണവുമായി നടൻ ഷെയ്‌ൻ നിഗം രംഗത്ത്. നിർമ്മാതാക്കൾക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാൽ താൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ൻ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്‌താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാദ്ധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം'.