ആ വീഡിയോയ്ക്ക് ഇപ്പോഴും ആവശ്യക്കാർ, പെപ്പര്‍സ്‌പ്രേ നിര്‍മിക്കാന്‍ പഠിപ്പിച്ച പൊലീസ് ഓഫീസര്‍

Wednesday 11 December 2019 5:03 PM IST

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, ഉന്നാവിൽ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സ്ത്രീകളെ പെപ്പർ സ്‌പ്രേ നിർമിക്കാൻ പഠിപ്പിക്കുന്ന വനിതാ പൊലീസ് ഓഫീസർ സൗമ്യയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുന്നു. 2017-ലെ വീഡിയോ ആദ്യമായി പുറത്തുവന്നത്.


പാശ്ചാത്യരാജ്യങ്ങളിൽ പെപ്പർ സ്‌പ്രേയുടെ ഉപയോഗം സാധാരണമാണ്. എന്നാൽ വില ഉയർന്നതിനാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷം പേർക്കും പെപ്പർസ്‌പ്രേ വാങ്ങുക സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് വീട്ടിലുപയോഗിക്കുന്ന വസ്തുക്കൾ കൊണ്ട് പെപ്പർ സ്‌പ്രേ എളുപ്പത്തിൽ നിർമിക്കുന്നതിനെ പറ്റി സൗമ്യ സ്ത്രീകളെ പഠിപ്പിച്ചത്. ഇൗ സ്‌പ്രേ അനാവശ്യമായി ഉപയോഗിക്കരുതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. വീഡിയോ വൈറലായിരുന്നു.


കണിശക്കാരിയായ വതിനാ ഒാഫീസറെന്നാണ് സൗമ്യയെ വിശേഷിപ്പിക്കുന്നത്. മുഖംനോക്കാതെ കുറ്റവാളിക്കെതിരെ സൗമ്യയെടുത്തിട്ടുളള നടപടികളും ശ്രദ്ധേയമാണ്. നിരവധി കൊലപാതക കേസുകൾ തെളിയിച്ചിട്ടുണ്ട്. .2017 ജൂലായിൽ ഹിമാചൽപ്രദേശിന്റെ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ട രീതിയെക്കുറിച്ചും പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് സൗമ്യ ഷിംലയിൽ നിയമിതയായത്. ഷിംലയില്‍ നിയമിക്കപ്പെട്ട ആദ്യ വനിതാ ഐപിഎസ് ഓഫീസറായിരുന്നു സൗമ്യ.