'മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നു',​ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സാവിത്രി ശ്രീധരൻ

Monday 16 December 2019 7:04 PM IST

തിരുവനന്തപുരം: പ‌ൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സാവിത്രി ശ്രീധരൻ. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നടിയാണ് സാവിത്രി. അവാർഡ് ചടങ്ങ് ബഹിഷ്ക്കരിണം തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് നടി പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ്. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിൽ പെടാത്തവർക്കും ഇന്ത്യൻ പൗരത്വത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ അവകാശമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതെന്നും സാവിത്രി പറഞ്ഞു.

നേരത്തെ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. സംവിധായകനായ സകരിയയും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്കാര ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയെന്നാണ് സക്കരിയ ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിരവധി താരങ്ങളാണ് ഇവരുടെ നിലപാടിലെ പിന്തുണച്ച് രംഗത്തെത്തിയത്.