പ്രിയയുടെ 107 വയസുള്ള മുത്തശ്ശി ഇപ്പോഴും പ്രാർത്ഥിക്കുന്ന ഒരു കാര്യമുണ്ട്, അങ്ങനെ സംഭവിക്കട്ടെയെന്ന് ഞങ്ങളും ആഗ്രഹിക്കുന്ന കാര്യം
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മകൻ ഇസഹാക്ക് ജനിച്ച സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകന്റെ വരവോടെ ജീവിതത്തോടുള്ള തന്റെ കാഴ്‌ചപ്പാടു തന്നെ മാറിക്കഴിഞ്ഞതായി ചാക്കോച്ചൻ പറയുന്നു. അതോടൊപ്പം മകനെയല്ല ഒരു മകളെയായിരുന്നു തങ്ങൾ ഇരുവരും ആദ്യം ആഗ്രഹിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തുകയാണ്.
ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെൺകുഞ്ഞിനെയാണ്. അവൾക്കിടാൻ ഒരു പേരും കണ്ടെത്തിയിരുന്നു, സാറ. ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടയിലാണ് മോന്റെ ജനനം. അവന് ഒരു പേരു തിരയുമ്പോൾ പ്രിയയാണ് ഇസഹാക്ക് എന്ന് നിർദേശിച്ചത്. ബൈബിളിൽ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവർക്ക് വളരെ വൈകിയുണ്ടായ കുട്ടിക്ക് ഇട്ട പേരാണ് ഇസഹാക്ക്. ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത ബന്ധമുണ്ടെന്ന് തോന്നിയപ്പോൾ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു.
പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാർത്ഥനയിലായിരിക്കും. ആ പ്രാർത്ഥനയിൽ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്. കർത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നത് എന്റെ കൊച്ചുമകൾക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കൺകുളിർക്കെ കാണാൻ അവർക്ക് കഴിഞ്ഞു. പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്'- ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ മനസു തുറന്നത്.