ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യവും ഇല്ല, മുസ്ലിമുകൾക്ക് നിരവധി രാജ്യങ്ങളുണ്ട്; വിവാദ പ്രസ്താവനയുമായി നിതിൻ ഗഡ്കരി
ന്യൂഡൾഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്ന നിയമത്തിനെതിരെ വിമർശനങ്ങളും ഉയരുകയാണ്. ഇതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി.
ലോകത്ത് ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യവും ഇല്ല, എന്നാൽ മുസ്ലിമുകൾക്ക് നിരവധി രാജ്യങ്ങളുണ്ടെന്നുമായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. മുൻപ് ഹിന്ദു രാഷ്ട്രമായി നേപ്പാൾ ഉണ്ടായിരുന്നു. എന്നാൽ ഒരൊറ്റ രാജ്യവും ഹിന്ദുക്കൾക്കായി ഇപ്പോഴില്ല. അപ്പോൾ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിമുകൾക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്ന എല്ലാവരും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങൾ എതിരല്ല. രാഷ്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.