പൗരത്വ നിയമ ഭേദഗതി: ചെങ്കോട്ടയിൽ കൂട്ട അറസ്റ്റ്, രാജ്യമൊട്ടാകെ വ്യാപിച്ച് പ്രതിഷേധം, ഡൽഹിയിൽ 13 മെട്രോ സ്റ്റേഷനുകൾ പൂട്ടി, ജനങ്ങളെ വലച്ച് വാഹന നിയന്ത്രണം

Thursday 19 December 2019 11:25 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ പ്രതിഷേധകരെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകളും പൊലീസും. കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധകരെ നേരിടാൻ സർക്കാർ നിരോധനാജ്ഞകൾ(144ആം വകുപ്പ് പ്രകാരം) പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രകാരം നാലോ അതിൽ കൂടുതൽ ആൾക്കാരോ ഒത്തുകൂടുന്നത് നിയമവിരുദ്ധമാണ്. ഡൽഹിയിലെ ചെങ്കോട്ടയിലും 144ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ വിദ്യാർത്ഥി, സാമൂഹിക സംഘടനകൾ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞയും പൊലീസ് വാഹനങ്ങൾ തടയുന്നതും കാരണം ഡൽഹിയിലെ വാഹനഗതാഗതവും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

ഇതേ കാരണത്താൽ 13 മെട്രോ ട്രെയിൻ സ്റ്റേഷനുകളും ഡൽഹിയിൽ താത്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. കർണാടകയിൽ ബെംഗളുരുവിലും മംഗാലാപുരത്തുമാണ് നിരോധനാജ്ഞ നിലവിലുള്ളത്. കർണാടകയിലെ കാലാബുർഗിയിൽ കറുത്ത കൊടികളുമായി പ്രതിഷേധിക്കാൻ എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും പ്രതിഷേധിക്കാൻ എത്തിയ വിദ്യാർത്ഥികളെയും പൊലീസ് തടഞ്ഞിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയിലും ഇത് തന്നെയാണ് സ്ഥിതി. ഇവിടെയും പ്രതിഷേധകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കർണാടകയിലെയും ഹൈദെരാബാദിലെയും പ്രതിഷേധകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമിയ മിലിയ വിദ്യാർത്ഥികളാണ് ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.