"നൂറ് ശതമാനം ഉറപ്പാണ് ഇന്ന് സച്ചിനത് ഓർക്കാൻ കഴിയില്ല,​ എനിക്ക് ജീവിതത്തിൽ മറക്കാനും"

Friday 27 December 2019 10:48 AM IST

സിനിമാ താരങ്ങളോട് കടുത്ത ആരാധന തോന്നി സെൽഫിയും ഫോട്ടോകളും എടുക്കുന്നവർ ധാരാളമാണ്. എന്നാൽ, സിനിമാ താരങ്ങൾക്കും ആരാധന തോന്നുന്ന ചിലരുണ്ട്, അത് ഏത് മേഖലയിലാണെങ്കിലും. എത്ര വലിയ താരമായാലും മറ്റൊരാളോട് ആരാധന തോന്നിയേക്കാം. മലയാള സിനിമയിലെ സൂപ്പര്‍ താരമായ പൃഥ്വിരാജിനും അത്തരത്തിൽ ആരാധന തോന്നിയിട്ടുള്ള ഒരു വ്യക്തിയുണ്ട്. മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ വലിയ ഫാനാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വി. സച്ചിനൊപ്പം കൊച്ചി മുതല്‍ മുംബയ് വരെ ഒരുമിച്ച്‌ യാത്ര ചെയ്ത വിശേഷമാണ് പൃഥ്വിരാജ് ഒരു പരിപാടിക്കിടെ പങ്കുവെച്ചത്. താനൊപ്പം ഒരുമിച്ച് യാത്ര ചെയ്തതിനെക്കുറിച്ച് സച്ചിൻ മറന്നിട്ടുണ്ടാകുമെന്നും എന്നാല്‍ താന്‍ ഒരിക്കലും അത് മറക്കില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.

"ഒരു ദിവസം 200 ഫോട്ടോസെങ്കിലും എടുത്തിട്ടുണ്ടാകും. പലരുടെയും മുഖം പോലും ഓര്‍ക്കാറില്ല. പക്ഷേ ആ ചിത്രം എടുക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല ആ നിമിഷം. അത് പലപ്പോഴും നമ്മൾ നടന്മാർ മറന്നുപോവാറുണ്ട്. എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ കൊച്ചിയില്‍ നിന്ന് ബോംബെയിലേക്ക് പോകുമ്പോള്‍ ഫ്‌ളൈറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമുണ്ടായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റിൽ. ഞാൻ മരണ സച്ചിൻ ഫാനാണ്. സച്ചിൻ വന്ന് അടുത്തിരുന്നപ്പോൾ എനിക്ക് എന്ത് മിണ്ടണമെന്നായിരുന്നുള്ള സംശയമായിരുന്നു. ആരാധകനായിട്ടും ആദ്യം സച്ചിനോട് സംസാരിക്കാന്‍ മടിച്ചുനിന്നു. പിന്നീട് മടിമാറ്റി സംസാരിച്ചു. ബോംബെ വരെ സംസാരിച്ചിരുന്നു. ഫ്ലെെറ്റ് ഇറങ്ങി ബെെ ബെെ പറഞ്ഞു പോയി. എനിക്ക് നൂറ് ശതമാനം ഉറപ്പാണ് അതിന്ന് സച്ചിൻ ടെൻഡുൽക്കറിന് ഓർമ്മയുണ്ടാവില്ല. എനിക്ക് ജീവിതത്തിൽ മറക്കാനും"- പൃഥ്വിരാജ് പറയുന്നു.