"എന്റെ വീട്ടിൽ കല്ലേറ് കൊണ്ടില്ല,​ അതുകൊണ്ട് എനിക്ക് കുഴപ്പവുമില്ല...", വെളിപ്പെടുത്തലുമായി ഗീതു മോഹൻദാസ്

Sunday 29 December 2019 3:57 PM IST

എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗീതു മോഹൻദാസ്. സംവിധായികയായും നടിയായും പ്രേക്ഷകമനസിലിടം നേടി. ശക്തമായ നിരവധി സ്ത്രീ കഥാപത്രങ്ങളെ ഗീതു മോഹൻദാസ് മലയാള സിനിമയിൽ അവതരിപ്പിച്ചു. ആസ്വാദക ഹൃദയങ്ങളിൽ എക്കാലത്തും ഓർമയിൽ തങ്ങി നിൽക്കുന്ന മികച്ച വേഷങ്ങൾ ചെയ്യാൻ ഗീതുവിന്‌ സാധിച്ചു. 'അകലെ, ഒരിടം' തുടങ്ങിയ സിനിമകൾ ഗീതുവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു. തെങ്കാശിപ്പട്ടണത്തിലെ സംഗീതയും, രാപ്പകലിലെ മാളവികയുമെല്ലാം നമുക്കത്രയേറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറി. എന്നാൽ ഇടക്കാലത്തു അഭിനയത്തിൽ നിന്നും വിട്ട താരം പിന്നീടാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. സ്വന്തം സംവിധാനം ചെയ്ത മൂത്തോൻ എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് താരം. ഇപ്പൊഴിതാ ഡബ്ല്യൂ.സി.സി സംഘടന രൂപീകരിച്ചതിനു ശേഷം തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

" ഡബ്ല്യൂ.സി.സി കൂട്ടായ്മ രൂപീകരിച്ച സമയത്ത് ഇൻഡസ്ട്രിയിൽ പലരും ഷോക്ക്ഡ് ആയിരുന്നു. സിനിമയിലെ ചെറുപ്പക്കാരിൽ ഒരുപാടു പേർ 'ദിസീസ് ഗ്രേറ്റ്, സപ്പോർട്ട് ചെയ്യുന്നു' വെന്നു പറഞ്ഞു മെസേജ് അയച്ചിരുന്നു. പക്ഷെ പബ്ലിക് ആയി അവരതു പറയില്ല. കാരണം, എവിടെയോ ഒരുതരത്തിലുള്ള പേടിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു ഞങ്ങൾ കുറച്ചു പേർ ഇതിനായി മുന്നിട്ടിറങ്ങണം. അതിനു ഞങ്ങൾ തയ്യാറുമാണ്. ' എന്റെ വീട്ടിൽ കല്ലേറ് കൊണ്ടില്ല, അത് കൊണ്ടെനിക്ക് കുഴപ്പമില്ല' എന്ന് പറയുന്ന ആറ്റിറ്റ്യൂഡിൽ ഞാൻ വിശ്വസിക്കുന്നില്ല. വളരെ പ്രിവിലേജ്ഡ് ആയ ആളുകളാണ് നമ്മൾ. അത് കൊണ്ട് തന്നെ മറ്റുള്ള എല്ലാവർക്കും വേണ്ടി സംസാരിക്കേണ്ട ഉത്തരാവാദിത്തം നമുക്കുണ്ട്.-പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗീതു പറ‌ഞ്ഞു.