ലൈഫ് ഭവനപദ്ധതിയിൽ വീട് നിഷേധിച്ചു: പഞ്ചായത്ത് മെന്പറെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം, വധശ്രമത്തിന് കേസെടുത്തു

Wednesday 01 January 2020 4:54 PM IST

കോഴിക്കോട് ലൈഫ് ഭവന പദ്ധതിയിൽ വീട് നിഷേധിച്ചെന്നാരോപിച്ച് വാർഡ് മെമ്പറെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. കുറ്റ്യാടി വേളം ഗ്രാമപഞ്ചായത്തംഗം ലീലയെയാണ് ബാലൻ എന്ന വ്യക്തി അപായപ്പെടുത്താൻ ശ്രമിച്ചത്. പഞ്ചായത്ത് ഓഫീസിൽവെച്ചാണ് സംഭവം നടന്നത്.

രണ്ടു കുപ്പി പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തിയ ബാലൻ തന്റെയും ലീലയുടെയും ശരീരത്തിലേക്ക് അത് ഒഴിക്കുകയായിരുന്നു. തീകൊളുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയവർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

ബാലനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ലീലയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ലൈഫ് ഭവന പദ്ധതി പ്രകാരം ബാലന്റെ ഭാര്യയ്ക്ക് വീട് നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. പട്ടികയിൽ പേരുണ്ടെന്നും താൻ വേറ അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് സി.പി.എം അനുഭാവിയായ ബാലൻ പറയുന്നത്.