ഉണ്ണി മുകുന്ദനുമായുള്ള ആ രംഗം അവതരിപ്പിക്കാൻ തനിക്ക് പ്രയാസമായിരുന്നു, തുറന്നു പറഞ്ഞ് അനുസിത്താര

Friday 03 January 2020 8:09 PM IST

മലയാളത്തിന്റെ അഭിമാന ചിത്രമായി പുറത്തിറങ്ങിയ മാമാങ്കം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. അതേസമയം തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികമാരിൽ ഒരാളായ അനുസിത്താര. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അനു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കാൻ തനിക്ക് പ്രയാസായിരുന്നെന്നാണ് താരം ഇപ്പോൾ പറയുന്നത്. ‘കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’ അനുസിത്താര പറഞ്ഞു.

വളരെയധികം ബുദ്ധിമുട്ടിയാണ് കഥാപാത്രത്തിലെത്തിയതെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക്എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എം പദ്മകുമാറിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം ഇതിനോടകം തന്നെ 100 കോടി കളക്ഷൻ നേടിയിട്ടുണ്ട്.