സിയാച്ചിൻ പിടിച്ചെടുത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ ലഫ്.ജനറൽ പ്രേംനാഥ് ഹൂൺ അന്തരിച്ചു

Tuesday 07 January 2020 4:42 PM IST

ചണ്ഡീഗഢ്: സിയാച്ചിൻ പിടിച്ചടക്കാനുള്ള പാക് ശ്രമങ്ങളെ ധീരമായി നേരിട്ട് തോൽപ്പിച്ച വെസ്റ്റേൺ കമാൻഡ് മുൻ മേധാവി ലഫ്.ജനറൽ പ്രേംനാഥ് ഹൂൺ (90 ) അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണകാരണം. രണ്ടു ദിവസമായി അദ്ദേഹം പഞ്ച്ഗുളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതിർത്തിയിലെ പാകിസ്ഥാൻ കടന്നുകയറ്റങ്ങൾ ചെറുത്ത് തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു പ്രേംനാഥ് ഹൂൺ. 1984 ലാണ് ഓപ്പറേഷന്‍ മേഘദൂതിലൂടെ സിയാച്ചിന്‍ മഞ്ഞുമല ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചത്. പാകിസ്ഥാന്റെ മാത്രമല്ല അതിർത്തിയിലെ ചൈനീസ് അധിനിവേശ ശ്രമങ്ങളെയും നേരിടുന്നതിൽ പ്രേംനാഥ് മുഖ്യ പങ്ക് വഹിച്ചിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 1972-ലെ ഷിംല കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിൻ ഗ്ലേഷ്യർ സ്പർശിച്ചിരുന്നില്ല. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിൻ ഗ്ലേഷ്യറിനെ ഉൾപ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തർക്കസ്ഥലമായി മാറി.

സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം ഏറ്റെടുക്കാനായി

നിരവധി പ്രമുഖ വ്യക്തികളാണ് പ്രേംനാഥിന്റെ മരണത്തിൽ അനുശോചനം അറിയിച്ചത്. ലഫ്റ്റനന്റ് ജനറൽ ഹൂൺ നല്ലൊരു സൈനികനായിരുന്നുവെന്നും,സിയാച്ചിൻ ഇന്ത്യക്കൊപ്പം ചേർത്ത് നിർത്തിയതിൽ ഹൂൺ നിർണായകപങ്കാണ് വഹിച്ചതെന്നും മുൻ കമാൻഡറായിരുന്ന ലഫ്റ്റനന്റ് ജനറൽ ജെ.എസ് ഡില്ല പറഞ്ഞു.