'ഇതുപോലും നേരാംവണ്ണം എഴുതാൻ കഴിയാത്തവരാണ് ക്ലാസെടുക്കാൻ വരുന്നത്': വൻ അബദ്ധത്തിൽപ്പെട്ട് ബി.ജെ.പി

Tuesday 07 January 2020 6:47 PM IST

പാലക്കാട്: വിവാദമായ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഇറങ്ങി, അബദ്ധം പിണഞ്ഞ് ബി.ജെ.പിയുടെ പാലക്കാട് ജില്ലാ ഭാരവാഹികൾ. ഇവർ കൈയിലേന്തിയ ബാനറിൽ കടന്നുകൂടിയ അക്ഷരപിശകാണ്‌ സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്കാർ പരിഹാസപാത്രങ്ങളാകാൻ കാരണമായത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് 'സി.എ.എ ഫോർ ഇന്ത്യ' എന്ന വാചകം ബാനറിൽ എഴുതിയിരുന്നു. എന്നാൽ ഇംഗ്ളീഷിൽ എഴുതിയ വാചകത്തിൽ 'ഇന്ത്യ' എന്നതിന് 'ഇനിഡ' എന്നാണ് ബാനറിൽ കാണാൻ സാധിക്കുന്നത്.

പാർട്ടിക്കാർക്ക് പിണഞ്ഞ ഈ അബദ്ധം അധികം വൈകാതെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. 'ഇന്ത്യ' എന്ന് ശരിയായ രീതിയിൽ എഴുതാൻ കഴിയാത്തവരാണ് നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഇറങ്ങിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ബി.ജെ.പിയെ പരിഹസിക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ സി.കെ പദ്മനാഭൻ ഉൾപ്പെടെയുള്ളവർ ഈ ബാനർ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

'ബി.ജെ.പിയല്ലേ, ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ലാ'യെന്നും ചിലർ ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുന്നുണ്ട്. ചിത്രം ഷൊർണൂർ മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷനാണ് ഈ ചിത്രം ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഏതായാലും പോസ്റ്റ് വൈറൽ ആയതോടെ പാർട്ടിക്ക് പിണഞ്ഞ അമളിയെ ചൂണ്ടിക്കാട്ടി എണ്ണമറ്റ ട്രോളുകളും പുറത്തുവന്നിട്ടുണ്ട്.