ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലും നിതിന്‍ ഗഡ്കരിയുടെ ഗ്രാമത്തിലും ബി.ജെ.പിക്ക് തോൽവി ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം

Wednesday 08 January 2020 8:05 PM IST

നാഗ്പൂർ: മഹാരാഷ്ട്രയിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബി.ജെ.പിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് തവണയും ധാപെവാഡയിൽ ബി.ജെ.പിക്കായിരുന്നു വിജയം.ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂർ ജില്ലാ പരിഷദിലെ 54 സീറ്റിൽ 31 എണ്ണം നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. വെറും 14 ഇടത്ത് മാത്രമാണ് ബി.ജെ.പി ജയിച്ചത്. എൻ.സി.പി പത്തിടത്ത് വിജയിച്ചു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന്റെ മകൻ സലിൽ ദേശ്‌മുഖ് മെന്ദ്പരാജയിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു.

നാഗ്പൂരിന് പുറമെസ പാൽഘട്ട്, നന്ദുർബാര്‍, ധൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്. പാൽഘട്ടിൽ 18 സീറ്റുകളോടെ ശിവസേനയാണ് വലിയ ഒറ്റകക്ഷി. എൻ.സി.പിയും ബിജെപിയും പത്ത് സീറ്റുകളിൽ ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്. നന്ദുർബാറിൽ 24 സീറ്റുകളിൽ കോൺഗ്രസ് ജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേന നാലിടത്തും എൻ.സി.പി മൂന്നിടത്തും വിജയിച്ചു. ബി.ജെ.പി ആറ് സീറ്റുകളിലേക്ക് ഒതുങ്ങി. അകോളയിൽ ബി.ജെ.പിയും ശിവസേനയും നാല് സീറ്റുകൾ വീതം നേടി. ധൂലെയിൽ ബി.ജെ.പി ഭരണമുറപ്പിച്ചു.