കാസർകോട് നിന്ന് കടത്തി ബംഗളൂരുവിൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് മതം മാറ്റും: ലൗ ജിഹാദിന് ഒത്താശ ചെയ്ത ദമ്പതികൾ കുടുക്കിയത് ഇങ്ങനെ

Thursday 09 January 2020 9:31 AM IST

കാസർകോട്: മലയാളി പെൺകുട്ടികളെ ബംഗളൂരുവിൽ എത്തിച്ച് 'ലൗ ജിഹാദിന്' ഇരയാക്കുന്നതിന് വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചു. കാസർകോട്ടു നിന്ന് കാണാതായ പതിനെട്ടുകാരിയുടെ പരാതിയിൽ അന്വേഷണം നടത്തിയ ബംഗളൂരു സിറ്റി ജോയിന്റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ബംഗളൂരുവിൽ ബിസിനസ് മേഖലയിലുള്ള ദമ്പതികൾ കുടുങ്ങി. ബംഗളൂരു ഇലക്‌ട്രോണിക്‌ സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അൻസാറിനെയാണ് (28) പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലുണ്ട്.

കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയി ബംഗളുരുവിലെ ഒരു വീട്ടിൽ പാർപ്പിച്ചാണ് പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നത്. ഇരയായ കാസർകോട് സ്വദേശിനിയായ പെൺകുട്ടി ഉഡുപ്പി എം.പിയും ബി.ജെ. പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നേരിൽ കണ്ടു പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിഷാബ് (23) നേരത്തെ പിടിയിലായിരുന്നു.

റിഷാബ് പെൺകുട്ടിയുമായി തന്റെ വീട്ടിലെത്തിയെന്നും ഡിസംബർ മൂന്നുമുതൽ ആറുവരെ അവിടെ താമസിച്ചെന്നും അൻസാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.