ആരാധകർക്ക് ആഘോഷിക്കാം, ഇത് രജനി സ്റ്റൈൽ ദർബാർ; മൂവി റിവ്യൂ

Thursday 09 January 2020 12:29 PM IST

തമിഴ് സിനിമയിൽ രജനികാന്ത് എന്ന പോലെ സംവിധായകൻ മുരുകദോസും ഒരു ബ്രാൻഡാണ്. സൂപ്പർസ്റ്റാറും മാസ് സംവിധായകനും ഒന്നിക്കുമ്പോൾ ഇരുവരുടെയും ആരാധകരെയും ഒരു പോലെ തൃപ്തിപ്പെടുത്താനാകണം. രജനി ചിത്രങ്ങളിൽ സ്റ്റൈൽ മിനിമം ഗ്യാരണ്ടിയാണെന്നിരിക്കെ എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.

മുംബയിലെ ഗുണ്ടകളെ കൊന്നൊടുക്കുന്ന കമ്മിഷണർ ആദിത്യ അരുണാചലത്തെ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. ആദ്യം ഏതാനും രംഗങ്ങളിൽ നിന്ന് തന്നെ നായകൻ നിയമം വഴി പ്രവർത്തിക്കുന്ന ഒരു പൊലീസുദ്യോഗസ്ഥൻ അല്ല എന്ന് വ്യക്തമാകും. അരുണാചലം വെറിപൂണ്ട് ഗുണ്ടകളെ കൊന്നൊടുക്കുന്നതിന് പിന്നിലെ കഥയിലേക്ക് ചിത്രം നീങ്ങുന്നു. മുംബയിൽ കമ്മിഷണറായി ചാർജെടുക്കുന്ന അരുണാചലത്തിന് മുന്നിൽ ഉത്തരം കാണേണ്ട പ്രശ്നങ്ങൾ നിരവധിയായിരുന്നു. പെൺവാണിഭത്തെയും മയക്കുമരുന്ന് മാഫിയയും ലക്ഷ്യമിട്ട് അയാൾ നടത്തുന്ന പൊലീസ് ഓപ്പറേഷനിൽ ഒരു പ്രമുഖ വ്യവസായിയുടെ മകനായ അജയ് മൽഹോത്ര അറസ്റ്റിലാകുന്നു. അജയ് അറസ്റ്റിലായെങ്കിലും നിയമത്തിന് മുന്നിൽ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ അരുണാചലം പരാജയപ്പെടുന്നു. വില്ലന്മാർക്കെതിരെ തുടർന്ന് നടക്കുന്ന പോരിൽ അജയ്‌യെ കമ്മിഷണർ തന്ത്രപൂർവ്വം വകവരുത്തുന്നു. വ്യവസായിയുടെ മകൻ ഇല്ലാതാകുന്നതോടെ മയക്കുമരുന്ന് മാഫിയക്ക് മേൽ വിലങ്ങുവീഴ്‌ത്താൻ പൊലീസിന് കഴിഞ്ഞു. എങ്കിലും യഥാർത്ഥ വില്ലന്റെ രംഗപ്രവേശം അതിനുശേഷമായിരുന്നു.

വർഷങ്ങൾക്ക് മുൻപ് മുംബയിലെ പൊലീസ് സേനയെ അക്ഷരാർത്ഥത്തിൽ ചാരമാക്കിയ ശേഷം നാടു കടന്ന ഹരി ചോപ്ര എന്ന കൊടും ഭീകരന്റെ തിരിച്ചുവരവാണ് അരുണാചലം അടുത്തതായി നേരിടേണ്ടി വന്നത്. അരുണാചലത്തെയും മകൾ വല്ലിയെയും നശിപ്പിക്കാൻ രാജ്യത്ത് തിരിച്ചെത്തിയ ഹരി ചോപ്ര പൊലീസ് സേനയ്ക്കും കടുത്ത ഭീഷണിയാകുന്നു. നായകന്റെയും വില്ലന്റെയും പോരാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം.

ആദ്യാവസാനം രജനികാന്ത് എന്ന സൂപ്പ‌ർസ്റ്റാറിനെ ആഘോഷിച്ച പേട്ടയിലെ രസതന്ത്രം തന്റെ ചിത്രത്തിലും കൊണ്ടുവരാൻ സംവിധായകനായ മുരുകദോസ് ശ്രമിച്ചിട്ടുണ്ട്. അപാരമായ സ്ക്രീൻ പ്രസൻസും പ്രായത്തെ വെല്ലുന്ന ഊർജവുമായി 'തലൈവർ' മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കോമഡിയിലും ആക്ഷനിലും മാസിലും ഒരു പോലെ തിളങ്ങുന്ന രജനി ആരാധകരെ നിരാശരാക്കില്ല. രജനിയുടെ മകളായ വല്ലിയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളി കൂടിയായ നിവേദ തോമസാണ്. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയക്ക് കഥയിൽ വലിയ പ്രാധാന്യമുണ്ട്. രജനികാന്തുമൊത്തുള്ള രംഗങ്ങൾ നിവേദ ഉഗ്രനാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങളൊക്കെ അവർ തന്മയത്വത്തോടെ അവതരിച്ചിരിക്കുന്നു. വില്ലനായി സുനിൽ ഷെട്ടി മികച്ചു നിന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ആഴമില്ലാത്തത് ചിത്രത്തിൽ നിഴലിച്ച് നിൽക്കുന്നു. നയൻതാരയ്ക്ക് നായികാപ്രാധാന്യമില്ലാത്ത വേഷമാണ് ചിത്രത്തിൽ. എന്നിരുന്നാലും തികച്ചും രസകരമായ മൂ‌ഡിലാണ് രജനിയും നയൻതാരയും ചേർന്നുള്ള രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രസികനായി യോഗി ബാബു ചിരിപ്പിക്കുന്നുണ്ട്, രജനിയുമായി ചേർന്നുള്ള രംഗങ്ങൾ അവയിൽ മികച്ചതാണ്.

രജനിയുടെ ആരാധകർക്ക് 'ദർബാർ' ഒരു ആഘോഷമാക്കുന്നതിൽ മുരുകദോസ് ലക്ഷ്യം കണ്ടു എന്ന് നിസംശയം പറയാം. മികച്ച രീതിയിൽ ആദ്യ പകുതി അവസാനിച്ചെങ്കിലും ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങളിൽ അതേ പഞ്ച് നിലനിറുത്തുവാനായിട്ടില്ല. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ രസചരട് അവിടവിടെയായി മുറിയുന്നുണ്ട്. ഭീകരനായ വില്ലനാണ് ഹരി ചോപ്ര എന്നൊക്കെ കഥയിൽ പറയുന്നുണ്ടെങ്കിലും ഒടുവിൽ ആഴമില്ലാത്ത കഥാപാത്രമായി അത് തീരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന പോരായ്‌മകളുടെ പ്രധാന കാരണം നായകനും വില്ലനും തമ്മില്ലുള്ള പോരിന് ശക്തിയില്ലാത്തത് തന്നെ.

ഇത്തരം പോരായ്മകൾ മാറ്റി നിറുത്തിയാൽ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് 'ദർബാർ'. മാസ് പ്രകടനത്തോടെ ചിത്രത്തിന്റെ നെടുംതൂണായി ആദ്യാവസാനം നിറസാന്നിദ്ധ്യമാണ് രജനികാന്ത്. കൂടെ അനിരുദ്ധിന്റെ സംഗീതവും സന്തോഷ് ശിവന്റെ ഛായാഗ്രാഹണവും നല്ല അനുഭവം ഒരുക്കുന്നു.

വാൽക്കഷണം: വിന്റേജ് രജനി

റേറ്റിംഗ്: 3/5