നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായത്? അയാളുടെ മകൻ വന്നത്? നായർ ലോബി ആരോപണത്തിനെതിരെ നെടുമുടി വേണു

Friday 10 January 2020 3:48 PM IST

മലയാള സിനിമയിൽ നായർ ലോബിയുടെ അതിപ്രസരമാണെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലരാണ് ഇത് നിയന്ത്രിക്കുന്നതെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ നെടുമുടി വേണു രംഗത്ത്. അങ്ങനെ ആരോപിക്കുന്നവരുടെ കൈയിൽ തെളിവുണ്ടോയെന്നും നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായതും, അയാളുടെ മകൻ സിനിമയിൽ വന്നതെന്നും നെടുമുടി ചോദിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താനടക്കമുള്ളവർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് നെടുമുടി മറുപടി പറഞ്ഞത്.

'തിരുവനന്തപുരത്തെ നായർ ലോബിയാണ് മുമ്പ് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അങ്ങനെ ആരോപിക്കുന്നവരുടെ കൈയിൽ തെളിവുണ്ടോ? നായരായതുകൊണ്ടാണോ മമ്മൂട്ടി സ്‌റ്റാറായത്? അയാളുടെ മകൻ വന്നത്? നിവിൻ പോളിയും ഫഹദ് ഫാസിലും ടൊവിനോ തോമസുമൊക്കെയല്ലേ പുതിയ തലമുറയിലെ താരങ്ങൾ. നായർ ലോബി ഈഴവ ലോബി എന്നൊക്കെ പറയുന്നതു തന്നെ നാണക്കേടല്ലേ? യേശുദാസല്ലേ മലയാളത്തിലെ ഏറ്റവും വലിയ പാട്ടുകാരൻ.

യൂസഫലി കേച്ചേരി എങ്ങനെയാണ് കൃഷ്‌ണഗീതങ്ങൾ സിനിമയിൽ എഴുതിയത്. നിരീശ്വരവാദികളായ വയലാറും ഭാസ്‌കരൻ മാഷുമാണ് ഏറ്റവും കൂടുതൽ ഭക്തിഗാനങ്ങൾ ഒരുക്കിയത്. കേരളീയ സമൂഹത്തിൽ ഏറ്റവും കുറവ് ജാതീയത മലയാള സിനിമയിലായിരിക്കും. ജാതിക്കതീതമായ വിവാഹങ്ങൾ കൂടുതൽ നടക്കുന്നതും സിനിമാരംഗത്താണ്'-നെടുമുടിയുടെ വാക്കുകൾ.