അമിത് ഷാ കേരളത്തിലേക്കില്ലെന്ന് മുരളീധരൻ, പേടിച്ചുപോയോ എന്ന് സോഷ്യൽ മീഡിയ

Saturday 11 January 2020 8:40 PM IST

തിരുവനന്തപുരം: പൗരത്വ ഭേഗഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്ന് പ്രചാരണം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അത്തരമൊരു ഒരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെ മാദ്ധ്യമങ്ങൾ ഇത്തരത്തിൽ വാർത്ത നൽകിയത് അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു. തീരുമാനിക്കാത്ത സന്ദർശനത്തിന്റെ പേരിൽ ചിലർ സമരം വരെ പ്രഖ്യാപിച്ചെന്നും മുരളീധരൻ പറഞ്ഞു.

അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്ന സ്ഥിരീകരിക്കാത്തെ റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ജനാധിപത്യത്തിൽ സംഖ്യാബലം തന്നെയാണ് പ്രധാനം. നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി തീരുമാനമെടുക്കട്ടെ. രാജ്യത്ത് എൻ.ആർ.സി നടപ്പാക്കാൻ ആരും തീരുമാനിച്ചിട്ടില്ല. നുണകളുടെ ഘോഷയാത്രയാണ് നാട്ടിൽ നടത്തുന്നതെന്നും മുരളീധരൻ കണ്ണൂരിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

ജനുവരി 15ന് കോഴിക്കോട് ബീച്ചിൽ അമിത് ഷാ വിശദീകരണ സമ്മേളനം നടത്തുമെന്നാരുന്നു റിപ്പോർട്ടുകൾ. തുടർന്നാണ് അമിത് ഷാ എത്തുമ്പോൾ കറുത്ത മതിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ആഹ്വാനം ചെയ്തത്. അമിത് ഷാ എത്തുമെന്നുള്ള പ്രഖ്യാപനത്തിന് ശേഷം ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യമെന്നായിരുന്നു യൂത്ത് ലീഗ് വ്യക്തമാക്കിയത്. അതേസമയം അമിത് ഷാ കേരളത്തിൽ വരാത്തത് പ്രതിഷേധം ഭയന്നിട്ടാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.