നിങ്ങളെ നായ്‌ക്കളെ പോലെ വെടിവച്ച് കൊല്ലും, യു.പിയിലും അസമിലും അതാണ് ചെയ്‌തത്: ഭീഷണിയുമായി ബി.ജെ.പി നേതാവ്

Monday 13 January 2020 10:07 AM IST

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിയുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്. ഉത്ത‌പ്രദേശിലേതിനു തുല്യമായി പശ്ചിമ ബംഗാളിലും പ്രതിഷേധങ്ങളെ അടിച്ചമർത്തും. അസമിലും ഉത്തർപ്രദേശിലും ബി.ജെ.പി സർക്കാർ പ്രതിഷേധക്കാരെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമർത്താൻ തയ്യാറാവാതിരുന്നതിന് മുഖ്യമന്ത്രി മമത ബാനർജിയെയും ദിലീപ് ഘോഷ് നിശിതമായി വിമർശിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ റെയിൽ‌വേ ആസ്തികളും,​ പൊതുഗതാഗതവും നശിപ്പിച്ചവർക്കെതിരെ ലാത്തിച്ചാർജിനും വെടിവെയ്പ്പിനും ഉത്തരവിട്ടില്ല എന്നായിരുന്നു ആരോപണം. വോട്ടർമാരായതിനാൽ മമത പ്രതിഷേധക്കാർക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാർ നശിപ്പിക്കുന്ന പൊതുസ്വത്ത് ആരുടേയാണെന്നാണ് അവർ കരുതുന്നത്. അവരുടേതോ?​ പൊതുമുതൽ തീയിടുന്നവരുടെ അച്ഛന്റെ സ്വത്തായാണോ കരുതുന്നത്. നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച സർക്കാർ സ്വത്ത് നശിപ്പിക്കുവാൻ പ്രതിഷേധക്കാരെ എങ്ങനെ അനുവദിക്കും. ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിയുതിർത്താണ് നേരിട്ടത്. ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തോക്കുകൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് രണ്ട് കോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാർ ഉണ്ട്. അതിൽ ഒരു കോടി പശ്ചിമ ബംഗാളിലാണ്. മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.