'നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിൽ കെട്ടിയിട്ട ശേഷം തകർക്കും'
മരട് ഫ്ളാറ്റ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശൻ രംഗത്ത്. മരടിലെ ഫ്ളാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ ക്ളൈമാക്‌സിൽ ചെറിയൊരു മാറ്റം വരുത്തിയേനെയെന്ന് പ്രിയദർശൻ പറഞ്ഞു. ഫ്ളാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകർക്കുമായിരുന്നുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രിയദർശന്റെ വാക്കുകൾ-
'മരടിലെ ഫ്ളാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്ളാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകർക്കുന്നു.
ഞാൻ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നിൽക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയിൽ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹൻലാൽ പറയുന്ന സീൻ. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്.
എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നൽകിയ ഫ്ളാറ്റുകളാണു താമസക്കാർ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്ളാറ്റു കെട്ടി ഉയർത്തിയതല്ല.
ഉദ്യോഗസ്ഥരും നിർമാതാക്കളും നൽകിയതു വ്യാജ രേഖയാണെന്നു അവർക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടിൽ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎൽഎയും വാർഡു മെമ്പറുമുണ്ടാകുമോ'.
ഉയരുന്നതു കാണുമ്പോഴെങ്കിലും അവർ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തിൽ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥർ വർഷങ്ങൾ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?