പേര് മാറിയിരുന്നുവെങ്കിൽ ആർ.എസ്.എസിന്റെ ട്രോളന്മാർ ഇപ്പോൾ വൻ കോലാഹലമുണ്ടാക്കിയേനെ: വലതുപക്ഷ സംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസം

Tuesday 14 January 2020 6:41 PM IST
davinder singh

ന്യൂഡൽഹി: തീവ്രവാദ ബന്ധത്തെ തുടർന്ന് കാശ്മീരിൽ അറസ്റ്റിലായ ദവീന്ദർ സിംഗിന്റെ പേരിലെ 'സിംഗി'ന് പകരം 'ഖാൻ' എന്നായിരുന്നുവെങ്കിൽ വലതുപക്ഷ സംഘടനയായ ആർ.എസ്.എസ് ഇപ്പോൾ വൻ കോലാഹലം ഉണ്ടാക്കിയേനെയെന്ന് പരിഹസിച്ച് കോൺഗ്രസിന്റെ ലോക്സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി. 'ഖാൻ' എന്നായിരുന്നു പേരെങ്കിൽ ആർ.എസ്.എസിന്റെ 'ട്രോൾ റെജിമെന്റ്' ഇപ്പോൾ വൻ കോലാഹലവും കടുപ്പിച്ച നിലപാടുകളുമായി രംഗത്തെത്തിയേനെ എന്നായിരുന്നു ചൗധരിയുടെ പരിഹാസം.

രാജ്യത്തിന്റെ ശത്രുക്കൾ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും അക്കാര്യത്തിൽ മതം, നിറം, വംശം എന്നിവയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുൽവാമ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന കാര്യത്തിലും ഇനി ചോദ്യമുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്കാര്യം ഒരു പുതിയ കാഴ്ചപ്പാടിൽ നോക്കി കാണണം. രാജ്യത്തിന്റെ 'പടച്ചട്ടയിൽ കേടുപാട് സംഭവിച്ചിരിക്കുകയാണ്. ഇനിയും നമ്മൾ വിഡ്ഢികളായി ഇരിക്കാൻ പാടില്ല.' അദ്ദേഹം കുറിച്ചു.

കഴിഞ്ഞ സ്വതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ ജമ്മു- കാശ്‌മീരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദർ സിംഗ്, പിടികിട്ടാപ്പുള്ളികളായ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം ശനിയാഴ്‌ച അറസ്റ്റിലായിരുന്നു. ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തർ എന്നിവരോടൊപ്പം ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീനഗർ - ജമ്മു ഹൈവേയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് എ.കെ. 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.