ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ; 70 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി, പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി

Tuesday 14 January 2020 8:39 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചിൽ മത്സരിക്കും.

70 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ ആംആദ്മി പാർട്ടി പ്രഖ്യാപിച്ചു. 46 എം.എൽ.എമാർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജാമിയ സംഘർഷത്തിൽ ആരോപണ വിധേയനായ അമാനുള്ള ഖാൻ ഓഖ്‌ലി മണ്ഡലത്തിൽ മത്സരിക്കും. എട്ടുവനിതകൾക്കും ആം ആദ്മി പാർട്ടി സീറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇത് ആറായിരുന്നു.

അതേസമയം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായി. ബദർപ്പൂര്‍ സിറ്റിംഗ് എം.എൽ.എ എൻഡി ശർമ രാജിവെച്ചു സ്ഥാനാർത്ഥിപട്ടികയിൽ എൻ.ഡി ശർമ ഇടംപിടിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് രാജി. രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻ.ഡി ശർമ ഉയര്‍ത്തിയത്. 20 കോടി രൂപയ്ക്ക് കെജ്‌രിവാൾ സീറ്റ് വില്‍പ്പന നടത്തിയെന്നാണ് ശര്‍മയുടെ പ്രധാന ആരോപണം.

തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹിയില്‍ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ തിരിച്ചുവരവ് ഡല്‍ഹിയിലും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നാമനിർദേശ പത്രികകൾസമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21നാണ്. സൂക്ഷ്മപരിശോധന 22ന്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി 24.

അതേസമയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഐ.എ.എന്‍.എക്‌സ് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് എട്ട് സീറ്റുകള്‍ മാത്രമേ ലഭിക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.