കാശ്‌മീരിൽ ശക്തമായ ഹിമപാതത്തിൽ 10 മരണം, മരിച്ചവരിൽ 5 സൈനികരും
ശ്രീനഗർ:ജമ്മു കാശ്‌മീരിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ശക്തമായ ഹിമപാതത്തിൽ നാല് സൈനികരും ഒരു ബി.എസ്.എഫ് ജവാനും ഉൾപ്പെടെ 10 പേർ മരിച്ചു.
കുപ്‌വാര ജില്ലയിലെ മാചിൽ സെക്‌ടറിൽ സൈനിക പോസ്റ്റ് ഹിമപാതത്തിൽ തകർന്നാണ് നാല് സൈനികർ കൊല്ലപ്പെട്ടത്. അഞ്ച് സൈനികരാണ് മഞ്ഞിനടിയിൽ കുടുങ്ങിയത്. സൈന്യത്തിന്റെ രക്ഷാ പ്രവർത്തനത്തിൽ നാല് പേരെ കണ്ടെടുത്തെങ്കിലും മൂന്ന് പേർ മരണമടഞ്ഞു. പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. കണ്ടെത്താനുള്ള ഒരു സൈനികനും മരിച്ചതായാണ് കരുതുന്നത്. തിങ്കളാഴ്‌ച രാത്രി എട്ടരയോടെയാണ് ഹിമപാതം നാശം വിതച്ചത്.
കാശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗം മേഖലയിലുണ്ടായ ഹിമപാതത്തിലാണ് ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടത്. മറ്റ് ആറുപേരെ രക്ഷപെടുത്തി.
ഗണ്ടർബാൽ ജില്ലയിലെ സോന്‌മാർഗിലെ കുലാൻ ഗ്രാമത്തിൽ ഹിമപാതത്തിൽ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടതായും രക്ഷാപ്രവർത്തനത്തിൽ നാലുപേരെ രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ ജമ്മുകാശ്മീരിലെ കുപ്‌വാര, ബാരാമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. രാസ്‌പൂരിൽ ഒന്നിലധികം തവണ ഹിമപാതം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാരാമുള്ളയിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് സൈനികർ മരിച്ചിരുന്നു.
അധിനിവേശ കാശ്‌മീരിൽ
55മരണം
മുസാഫറാബാദ്:അധിനിവേശ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഹിമപാതങ്ങളിലും മണ്ണിടിച്ചിലിലും 55 പേർ മരണമടുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തു. അധിനിവേശ കാശ്മീരിൽ സമീപ കാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. 51 പേരും മരിച്ചത് നീലം താഴ്‌വരയിലാണ്.40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലേറെ വീടുകൾ തകർന്നു. അധിനിവേശ കാശ്മീരിൽ 130കിലോമീറ്റർ നീളത്തിൽ മലകളാൽ ചുറ്റപ്പെട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ കിടക്കുന്ന പ്രദേശമാണ് നീലം താഴ്‌വര.