സർവകക്ഷി യോഗം ബഹിഷ്‌കരിച്ചു,​ കോൺഗ്രസുമായി ഇടഞ്ഞ് ഡി.എം.കെ?​

Tuesday 14 January 2020 10:48 PM IST

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനിറങ്ങിയ കോൺഗ്രസിന് തിരിച്ചടിയായി,​ ഡി.എം.കെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ചതോടെ തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പിടി അയയുന്നതായി രാഷ്ട്രീയ നിരീക്ഷകർ. ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ ബാലു ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുത്തില്ലെന്നത് ഇരുപാർട്ടികളും ഇടഞ്ഞതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കോൺഗ്രസ് ഡി.എം.കെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത്. തിരഞ്ഞെടുപ്പിൽ ചെയർമാൻ, വൈസ് ചെയർമാൻ സീറ്റ് വിഭജനത്തിൽ ഡി.എം.കെ മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ശക്തിക്കനുസരിച്ചു സീറ്റ് നൽകിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ പരാതി. നൽകിയത് തന്നെ ആവശ്യത്തിലധികമാണെന്നു ഡി.എം.കെയുടെ മറുപടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ 'സഖ്യധർമ്മം' പാലിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് അപമാനിച്ചുവെന്നും സ്റ്റാലിനെതിരെ കെ.എസ്. അഴഗിരി പ്രസ്താവന നടത്തിയെന്നും ഇതു കാരണമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും ഡി.എം.കെ മുതിർന്ന നേതാവും ലോക്‌സഭാ എം.പിയുമായ ടി.ആർ ബാലു ഇന്നലെ തുറന്നടിച്ചു.

കോൺഗ്രസിന് യോഗ്യതയുള്ള തദ്ദേശ സ്ഥാപന അദ്ധ്യക്ഷ പദവി സ്റ്റാലിൻ നൽകിയില്ലെന്നും ഇത് സഖ്യധർമ്മത്തിന് എതിരാണെന്നുമായിരുന്നു അഴഗിരിയുടെ പ്രസ്താവന. അഴഗിരി ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ടി.ആർ. ബാലു പറഞ്ഞു.

അതേസമയം, ഇരുപാർട്ടികളും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഒരു കുടുംബംപോലെ കൈകോർത്തു പിടിക്കുമെന്നും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു.

പ്രശ്നം വഷളാവുന്നുവെന്ന് വന്നതോടെ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് നിയസഭാകക്ഷി നേതാവായ കെ.ആർ രാമസ്വാമി ഡി.എം.കെയുമായി ചർച്ച നടത്തി. ഡി.എം.കെ പ്രാദേശിക നേതൃത്വത്തിനെതിരെയാണ് വിമർശനം ഉന്നയിച്ചതെന്നാണ് ഇപ്പോൾ കോൺഗ്രസ് വിശദീകരിക്കുന്നത്. അഴഗിരി ഉടൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.