വഴിയരികിൽ 'ഒന്നിനു പോയാൽ' ഹൈടെക് കണ്ണാടി 'പണി' തരും
ബംഗളൂരു: നഗരത്തിൽ കണ്ണെത്തും ദൂരത്ത് ടോയ്‌ലെറ്റുകളുണ്ടെങ്കിലും 'ശങ്ക' തോന്നിയാലുടൻ പൊതുവഴിയരികിൽ 'കാര്യം' സാധിക്കുന്നവരെ കുടുക്കാൻ ബംഗളൂരു നഗരസഭയുടെ ഹൈടെക് 'കണ്ണാടി' പദ്ധതി!.
റോഡരികിലും നടപ്പാതകളിലുമെല്ലാം മൂത്രമൊഴിച്ച് നാറ്റിക്കുന്നവരെ നാണം കെടുത്താൻ നഗരസഭ മതിലുകളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചു കഴിഞ്ഞു. ഇനി മൂത്രമൊഴിക്കാനെത്തുന്നവരുടെ 'രഹസ്യങ്ങൾ' പരസ്യമായി നാട്ടുകാർ കാണും!.
കെ.ആർ മാർക്കറ്റ്, ഇന്ദിരാനഗർ, ചർച്ച് സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ നിരത്തുകളിലും ചുവരുകളോട് ചേർന്നും മൂത്രമൊഴിക്കൽ പതിവായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 32 ചതുരശ്രയടി വലിപ്പമുള്ള കണ്ണാടികളാണ് പതിച്ചിരിക്കുന്നത്.
നാണം കെടുത്തുന്നത് പോരാഞ്ഞിട്ട്, മൂത്രമൊഴിക്കുന്നവരെ സിസി ടിവി കാമറകളുടെ സഹായത്തോടെ കണ്ടെത്തി പിഴയുമീടാക്കും. ആദ്യതവണ 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ.
'ടോയ്‌ലെറ്റ് എവിടെയാണെന്നറിയില്ല" എന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട.
കാരണം, കണ്ണാടിയിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ നഗരത്തിൽ തൊട്ടടുത്തുള്ള ടോയ്‌ലെറ്റ് എവിടെയാണെന്നും അങ്ങോട്ട് പോകാനുള്ള വഴിയും കൃത്യമായി കാണിക്കും. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാൻ കഴിയുന്ന കണ്ണാടിക്ക് ഒന്നിന് 2 ലക്ഷം രൂപയാണ് വില. ശുചിത്വ റാങ്കിംഗിൽ കഴിഞ്ഞ 2 വർഷവും പിന്നിലായിരുന്ന ബംഗളൂരുവിനെ ഇത്തവണ മുന്നിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.