കോഴി കയറ്റിവന്ന ലോറി മറിഞ്ഞു നാലുപേർക്ക് പരിക്ക്

Wednesday 15 January 2020 1:59 AM IST

പോത്തൻകോട്: അണ്ടൂർക്കോണം -പോത്തൻകോട് റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തെ വളവിൽ കോഴികയറ്റിവന്ന ലോറി മറിഞ്ഞു നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള വളവിൽ നിയന്ത്രണം തെറ്റിയ ലോറി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി കോഴികൾ ചത്തു. കുളത്തൂർപുഴനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കോഴി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പോത്തൻകോട് പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് റോഡിൽ പരന്ന ഓയിലും മാലിന്യവും കഴുകി കളഞ്ഞത്. അപകടത്തിൽ ലോറി പൂർണമായി തകർന്നു.

ക്യാപ്‌ഷൻ; അണ്ടൂർക്കോണം -പോത്തൻകോട് റോഡിൽ ലോറി മറിഞ്ഞ സ്ഥലത്ത് അഗ്‌നിശമന സേന മാലിന്യം കഴുകി കളയുന്നു.