ഭീകരവാദത്തിനെതിരെയുള്ള യുദ്ധം അവസാനിക്കുന്നില്ല, അമേരിക്കയെപോലെ വെറിയോടെ അതിനെതിരെ പോരാടണം: സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത്
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള യുദ്ധം ഒരു തരത്തിലും അവസാനിക്കാറായിട്ടില്ല എന്നും ഭീകരവാദത്തിന് അവസാനം കാണുവാനായി അതിന്റെ വേരുകളെ കുറിച്ചാണ് ആദ്യം മനസിലാക്കേണ്ടതെന്നും സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവത്ത്. ഡൽഹിയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഭീകരവാദത്തിനെതിരെയുള്ള യുദ്ധം തുടരുമെന്നും അതുമായി നമ്മൾ ഒത്തുപോകണമെന്നും അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ഭീകരവാദത്തിന് നമ്മൾ ഒരു അവസാനം കൊണ്ടുവരണം. 9/ 11 ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച നയം കൊണ്ടുമാത്രമേ അത് സാധിക്കുകയുള്ളൂ. ഭീകരവാദത്തിനെതിരെ വെറിയോടെ, ആഗോളതലത്തിൽ യുദ്ധം ചെയ്യാം എന്നാണ് അമേരിക്ക പറഞ്ഞത്. അതിനായി ഭീകരവാദികളെയും ഭീകരവാദം സ്പോൺസർ ചെയ്യുന്നവരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അവരെ പുറത്തുകൊണ്ടുവരണം.' റാവത്ത് പറയുന്നു.
ഭീകരവാദത്തിന് പണം മുടക്കാൻ ആളുണ്ടാകുന്നിടത്തോളം ഭീകരവാദം നിലനിൽക്കുമെന്നും അവർ ഭീകരവാദികളെ തങ്ങളുടെ പ്രതിനിധികളായി ഉപയോഗിച്ചുകൊണ്ട് ഭീകരവാദം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് ഫണ്ടുകളും ആയുധങ്ങളും ലഭിക്കുന്നിടത്തോളം കാലം ഭീകരവാദത്തെ തടയാൻ കഴിയുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭീരവാദത്തിനായി നൽകപ്പെടുന്ന ഫണ്ടുകൾ തടയുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്‌സിന്റെ പ്രകടനത്തെ ബിപിൻ റാവത്ത് പ്രകീർത്തിക്കുകയും ചെയ്തു.