നിർഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി

Friday 17 January 2020 12:22 PM IST

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി. ദയാഹർജി ലഭിച്ച് കേവലം രണ്ട് മണിക്കൂർ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹർജി തള്ളിയത്. ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം. നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ നൽകിയിരിക്കുന്ന ഹർജികളുടെ തൽസ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടായിരിക്കും ജയിലധികൃതർ ഇന്ന് സമർപ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസിൽ വീണ്ടും വാദം കേൾക്കുക.

ജയിൽ ചട്ടപ്രകാരം ദയാഹർജി നൽകിയാൽ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാൽ ജനുവരി 22ന് നിശ്ചയിച്ച് വധശിക്ഷ ഇതോടെ വൈകും.