യൂണിവേഴ്സിറ്റി കോളേജ് മാതൃകയിൽ എസ്.എഫ്.ഐക്കെതിരെ സംഘടിച്ച് വിദ്യാർത്ഥികൾ, സംരക്ഷണവുമായി അദ്ധ്യാപകർ, സി.എം.എസ് കോളേജിൽ സംഘർഷം

Friday 17 January 2020 3:03 PM IST
കോട്ടയം സി.എം.എസ്.കോളേജിലുണ്ടായ സംഘർഷർത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് നീക്കുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

കോട്ടയം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമാനമായ രീതിയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ വിദ്യാർത്ഥികൾ സംഘടിച്ചതോടെ കോട്ടയം സി.എം.എസ് കോളേജിൽ സംഘർഷം. ഇന്നലെ ഉച്ചയോടെ രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ കോളേജ് ഗേറ്റിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരുമെത്തി. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഘർഷങ്ങൾക്ക് തുടക്കം.

കോളേജിൽ നിന്ന് വിനോദ യാത്ര പോയ യൂണിയൻ ഭാരവാഹികളിൽ ഒരാളെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച സംഘടിച്ചെത്തിയ പ്രവർത്തകർ വിദ്യാർത്ഥികളെ മർദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ മുതൽ വീണ്ടും സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റവരുടെ സഹപാഠികൾ കോളേജ് കവാടം ഉപരോധിച്ചു. ഗേറ്റിന് മുന്നിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയതോടെ എസ്..എഫ്.ഐ നേതാക്കൾക്ക് ക്യാമ്പസിൽ കയറാൻ കഴിയാത്ത അവസ്ഥയായി.

പുറത്ത് നിന്നുള്ള എസ്.എഫ്..ഐ പ്രവർത്തകർ നിലയുറപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. ഇതിനിടെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിൻസിപ്പലും അദ്ധ്യാപകരും രംഗത്തെത്തി. പൊലീസ് ക്യാമ്പ് ചെയ്യന്നതിനിടെ പുറത്തു നിന്നെത്തിയ സംഘം വിദ്യാർത്ഥികൾക്ക് ഇടയിലേയ്ക്ക് ഇരച്ചുകയറിയത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് പൊലീസ് ലാത്തിവീശി ഓടിച്ചു. ഗേറ്റിന് മുന്നിൽ കൂടിനിന്ന വിദ്യാർത്ഥികളുമായി വീണ്ടും വാക്കേറ്റമുണ്ടായതോടെ എസ്..എഫ്..ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തു. പൊലീസ് സംരക്ഷണയിലാണ് മുഴുവൻ വിദ്യാർത്ഥികളെയും പുറത്തെത്തിച്ചത്.