കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടു; ബി.ജെ.പി അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ദിനംതന്നെ യു.പിയിൽ തിരിച്ചടി

Friday 17 January 2020 10:30 PM IST

ലഖ്നൗ: ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയം. സോൻഭദ്ര ജില്ലയിലെ രണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ബി.ജെ.പി പരാജയപ്പെട്ടത്. ബി.ജെ.പി ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ് തിരഞ്ഞെടുക്കപ്പെട്ട ദിനം തന്നെയാണ് ഭരണപ്പാർട്ടിക്ക് പരാജയം സംഭവിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ പാർക്കിൽ വച്ച് കൊല്ലപ്പെട്ട ചോപൻ നഗരപഞ്ചായത്തിലെ അദ്ധ്യക്ഷൻ ഇംതിയാസ് അഹമ്മദിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇംതിയാസിന്റെ ഭാര്യ ഫരീദ ബീഗയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. റെണുകൂട്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിഷ സിങ് വിജയിച്ചു. നിഷയുടെ ഭർത്താവ് ബബ്ലു സിങ്ങായിരുന്നു ഇവിടെ അദ്ധ്യക്ഷൻ. ഇദ്ദേഹത്തേയും ഇംതിയാസിനെ പോലെ വെടിവെച്ചു കൊല്ലുകയായിരുന്നു.

റെണുകൂട്ട് പഞ്ചായത്തിൽ നിഷയ്ക്കെതിരെ മത്സരിച്ച ശ്രദ്ധ കർവാറിന് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു. ബി.ജെ.പി അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന്റെ സ്വന്തം ജില്ലയാണ് സോൻഭദ്ര. രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ലയായ സോൻഭദ്രയിൽ ജനുവരി 14നാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ദിവസം തന്നെ പരാജയം രുചിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായാണ് വിലയിരുത്തുന്നത്.