'പാള സഞ്ചി"വിതരണം ചെയ്ത് കുരുന്നുകൾ

Saturday 18 January 2020 1:32 AM IST

നെടുമങ്ങാട്: ഗതകാല സ്‌മരണകൾ പങ്കുവെച്ച് പൊതുചന്തകളിൽ പാള സഞ്ചികൾ മടങ്ങിവരുന്നു. മീനും ഇറച്ചിയും പച്ചക്കറിയും വാങ്ങാൻ പാള സഞ്ചിയുമായി ചന്തകളിൽ എത്തുന്നവർ ഏറുകയാണ്. പ്ലാസ്റ്റിക് നിരോധനത്തിലൂടെ തിരികെ എത്തിയ പാളസഞ്ചികൾ പുതുതലമുറയ്ക്ക് വേറിട്ട കാഴ്ചയും അനുഭവവുമാണ്. സ്വീകാര്യത വർദ്ധിച്ചതോടെ കമുകിൻ തോട്ടങ്ങൾ തേടിപ്പിടിച്ച് പാള ശേഖരിക്കാൻ തൊഴിലാളികളും രംഗത്തുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കമുകിൻ തോട്ടങ്ങളുടെ തിരിച്ചു വരവിനു കൂടി അവസരമൊരുക്കുകയാണ് പ്ലാസ്റ്റിക് നിരോധനം. നെടുമങ്ങാട് മാർക്കറ്റിൽ കഴിഞ്ഞദിവസം ഒരുകൂട്ടം വിദ്യാർത്ഥികൾ പാള സഞ്ചിയുമായി സന്ദർശകരെ സമീപിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച പാള സഞ്ചികൾ ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിയതാണ്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു പാള സഞ്ചികളുമായുള്ള സന്ദർശനം. നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ കുട്ടികളാണ് ഈ മാതൃക ദൗത്യം ഏറ്റെടുത്തത്. മത്സ്യ, മാംസാദികൾ പാള സഞ്ചിയിൽ വാങ്ങുമ്പോൾ പുനരുപയോഗവും സാദ്ധ്യമാണെന്ന് കുട്ടികൾ ബോദ്ധ്യപ്പെടുത്തി. സ്കൂളിലെ അദ്ധ്യാപകരായ ബൈജു സരസ്വതി, പി.എസ്. വിജയ എന്നിവർ നേതൃത്വം നല്കി.