മമ്മൂട്ടി ഒന്നാമൻ ദുൽഖർ രണ്ടാമൻ, യൂട്യൂബ് കയ്യടക്കി അച്ഛനും മകനും
സോഷ്യൽ മീഡിയയിൽ തരംഗമായ മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ആദ്യ രണ്ട് ടീസറുകൾക്ക് ശേഷം ചിത്രത്തിന്റെ തമിഴ് പതിപ്പായ കുബേരന്റെ ടീസറും യൂ ട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തെത്തി.
രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇതിനകം പത്തുലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ഗുഡ്വിൽ എന്റർടെയ്ൻമെന്റ് സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പായ കുബേരൻ ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ രാജ്കിരണാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നത്. തമിഴ് പതിപ്പിന് വേണ്ടി സംഭാഷണവും ഗാനങ്ങളുമെഴുതുന്നതും രാജ്കിരൺ തന്നെ. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ച് കഴിഞ്ഞദിവസം ദുബായിയിൽ നടന്നു.
അതേസമയം എം. സ്റ്റാർ എന്റർടെയ്ൻമെന്റ്സുമായി ചേർന്ന് വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബിൽ റിലീസ് ചെയ്തു.
അൽഫോൺസ് ജോസഫിന്റെ ഈണത്തിൽ കാർത്തിക്കും കെ.എസ്. ചിത്രയും പാടിയ നീ വാ എൻ ആറുമുഖം എന്ന ഗാനം യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ്. ഇതിനകം എട്ട് ലക്ഷത്തോളം പേർ ഗാനം കണ്ടുകഴിഞ്ഞു. സുരേഷ് ഗോപി, ശോഭന, ഉർവശി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന വരനെ ആവശ്യമുണ്ട് ഫെബ്രുവരി 7ന് പ്ളേ ഹൗസ് റിലീസ് തിയേറ്ററുകളിലെത്തിക്കും.