നരേന്ദ്രമോദി സ്വന്തപ്രയത്നം കൊണ്ട് നേതാവായ വ്യക്തിയാണ്, ഗാന്ധി തലമുറയിലെ നാടുവാഴിത്തം ഇന്ത്യയിലെ യുവജനങ്ങൾ ആഗ്രഹിക്കുന്നില്ല: രാമചന്ദ്ര ഗുഹ

Saturday 18 January 2020 11:34 AM IST

കോഴിക്കോട്: രാഹുൽ ഗാന്ധിയെ ലോക്സഭയിലേക്ക് മലയാളികൾ തെരഞ്ഞെടുത്തയച്ചത് വിനാശകരമായ പ്രവ‌ർത്തിയാണെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ രാജ്യസ്നേഹവും ജിങ്കോയിസവും എന്ന വിഷയത്തിൽ സംവാദം നടത്തുന്നതിനിടെയാണ് രാമചന്ദ്രഗുഹയുടെ പ്രസ്താവന. കഠിനാധ്വാനിയും സ്വയം നിർമ്മിതനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗാന്ധികുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ നാടുവാഴിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും രാമചന്ദ്രഗുഹ പറഞ്ഞു. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗുണം അയാൾ രാഹുൽ ഗാന്ധിയല്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമരകാലത്തെ് മഹത്തായ സേവനങ്ങ‍ൾ നടത്തിയ കോൺഗ്രസ് പാർട്ടിയെ,​ ദയനീയമായ കുടുംബ സ്ഥാപനമായി മാറ്റിയതാണ് ഇന്ത്യയിലിപ്പോൾ ഹിന്ദുത്വത്തിന്റെയും, ജിംങ്കോയിസത്തിന്റെയും ഉയർച്ചയ്ക്കും കാരണമാണെന്നും ഗുഹ പറഞ്ഞു. വ്യക്തിപരമായി തനിക്ക് രാഹുൽഗാന്ധിയോട് യാതൊരു വിരോധവുമില്ല. അദ്ദേഹം മാന്യനായ നേതാവാണ്. എന്നാൽ അഞ്ചാം തലമുറയിലെ നാടുവാഴിത്തം ഇന്ത്യയിലെ യുവജനങ്ങൾ ആഗ്രഹിക്കുന്നില്ല. 2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും മലയാളികൾ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾ വലിയ തെറ്റാവും ചെയ്യുന്നതെന്നും, നരേന്ദ്ര മോദിക്ക് മലയാളികളിൽ നിന്നുലഭിക്കുന്ന അനുകൂല പ്രവൃത്തിയായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി കഠിനാധ്വാനാവും,​ സ്വന്തപ്രയത്നവും കൊണ്ട് നേതാവായ വ്യക്തിയാണ്. 15 വർഷം ഒരു സംസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന് ഭരണപരമായ പരിചയമുണ്ട്. മാത്രമല്ല അദ്ദേഹം യൂറോപ്പിൽ പോവാൻ അവധി എടുക്കുന്നില്ല. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാൻ വളരെ ഗൗരവത്തോടെയാണ് പറയുന്നതെന്നും ഗുഹ വ്യക്തമാക്കി.രാഹുൽ ഗാന്ധി കൂടുതൽ ബുദ്ധിമാനും കഠിനാധ്വാനിയുമായിരുന്നെങ്കിൽ യൂറോപ്പിൽ പോവാൻ അവധി എടുക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.