തലൈവിയിലെ എം.ജി.ആർ ചിത്രങ്ങൾ വൈറൽ, അരവിന്ദ് സ്വാമിയെ എം.ജി.ആറായി മാറ്റിയതിന് പിന്നിൽ ഈ മലയാളി
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന പുരട്ചി തലൈവി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ എം..ജി..ആറായി വേഷമിടുന്ന അരവിന്ദ് സ്വാമിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.എം.ജി.ആറായുള്ള അരവിന്ദ് സ്വാമിയുടെ വേഷപ്പകർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കവിഞ്ഞു. അരവിന്ദ് സ്വാമിയുടെ ഹെയർസ്‌റ്റൈലും മേക്കപ്പും വസ്ത്രധാരണവുമെല്ലാം എം.ജി.ആറിനെ ഓർമിപ്പിക്കുന്നതാണ്. ഇത്ര കൃത്യമായി എങ്ങനെയാണ് തലൈവറാവാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞത് എന്നാണ് പലരുടേയും സംശയം.
ഇപ്പോൾ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്. അരവിന്ദ് സ്വാമിയുടെ വേഷപ്പകർച്ചക്കു പിന്നിൽ മലയാളത്തിന്റെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദാണ്.
എംജിആറിന്റെ രൂപത്തിലേക്ക് അരവിന്ദ് സ്വാമിയെകൊണ്ടുവന്ന പട്ടണം റഷീദിനെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. അരവിന്ദ് സ്വാമിയും പട്ടണം റഷീദും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
എംജിആറിന്റെ ഒരു ഗാനത്തിന്റെ പുനരാവിഷ്‌കാരം നടത്തിയാണ് ക്യാരക്ടർ ടീസർ പുറത്തുവിട്ടത്. എം.ജി.ആർ അഭിനയിച്ച യഥാർത്ഥ ഗാനവും അരവിന്ദ് സ്വാമിയുടെ ടീസറും ചേർത്തുവെച്ചുകൊണ്ടുള്ള വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കങ്കണ റണാവത്താണ് ജയലളിതയെ അവതരിപ്പിക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്.