'രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികളുടെ തെറ്റ്'; പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി രാമചന്ദ്ര ഗുഹ

Sunday 19 January 2020 6:05 PM IST

ഡൽഹി : രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയർക്ക് പറ്റിയ തെറ്റാണെന്ന പരാമർശത്തെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി ചരിത്രകാരൻ രാമചന്ദ്രഗുഹ. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ബി.ജെ.പിക്ക് ഗുണം ചെയ്തു എന്ന പരാമർശത്തിലും ഗുഹ വിശദീകരണം നൽകി.. ട്വിറ്ററിലൂടെയായിരുന്നു ഗുഹ നിലപാട് വ്യക്തമാക്കിയത്. കുടുംബാധിപത്യത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലെത്തിയതെന്നും അതേസമയം, മോദി കഠിനാധ്വാനിയാണെന്നും സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നുമുള്ള ഗുഹയുടെ പരാമർശം വിവാദമായിരുന്നു.

അതേസമയം താൻ എക്കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിച്ചയാളാണെന്നും അത് ഇനിയും തുടരുമെന്നും ഗുഹ വ്യക്തമാക്കി. തന്റെ പുസ്തകങ്ങളിലൂടെയും കോളങ്ങളിലൂടെയും മോദിയെ വിമർശിച്ചിട്ടുണ്ട്. വിശാലമായ അര്‍ത്ഥത്തിലാണ് രാഹുലിനെ വിമർശിച്ചത്. പ്രസിഡൻഷ്യൽ രീതിയിലുള്ള തിരഞ്ഞെടുപ്പാണെങ്കിൽ രാഹുൽ ഗാന്ധിയെക്കാൾ പിന്തുണ മോദിക്കായിരുന്നുവെന്നാണ് ഉദ്ദേശിച്ചത്. കാരണം ഭരണകാര്യങ്ങളിൽ മോദിക്കാണ് പരിചയം. പുറമെ അദ്ദേഹം സ്വയം ഉയർന്നുവന്ന രാഷ്ട്രീയക്കാരനാണെന്നും ഗുഹ വ്യക്തമാക്കി. പരാമർശത്തിൽ വിശദീകരണം നൽകിയ രാമചന്ദ്ര ഗുഹയെ ശശി തരൂർ അഭിനന്ദിച്ചു..