മതത്തിന്റെ പേരിൽ ആരെയും ഒഴിവാക്കരുത് ; പൗരത്വ ഭേദഗതിയിൽ പുനഃപരിശോധന നടത്താതെ ഡൽഹിയിൽ ബി.ജെ.പിയ്ക്കൊപ്പം സഖ്യമില്ലെന്ന് അകാലി ദൾ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ബി.ജെ.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദൾ. പൗരത്വ ഭേദഗതി നിയമത്തിലും സീറ്റ് വിഭജനത്തിലും ബി.ജെ.പിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി തീരുമാനിച്ചത്.
പൗരത്വ നിയമത്തിൽ എല്ലാ മതക്കാരേയും ഉൾപ്പെടുത്തണമെന്നാണ് സുഖ്ബീർ സിംഗ് ബാദലിന്റേയും അകാലിദളിന്റേയും നിലപാട്. നിയമം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിലപാടിന്റെ ഭാഗമായി ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു' ശിരോമണി അകാലി ദൾ നേതാവും എം..പിയുമായ മജീന്ദർ സിംഗ് സിർസ പറഞ്ഞു.
ബി.ജെ.പിയുമായി ഏറെക്കാലമായി സഖ്യത്തിലുണ്ട്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിൽ ഞങ്ങൾ നിലപാട് എടുത്തത് മുതൽ ബി.ജെ.പി തുടർച്ചയായി ഞങ്ങളോട് നിലപാട് മാറ്റാൻ ആവശ്യപ്പെടുകയാണ്. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കും -സിർസ പറഞ്ഞു.
മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. ഈ നിലപാട് മാറ്റുന്നതിനെക്കാൾ ഭേദം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം മത്സരിക്കാതിരിക്കുകയാണ്. രാജ്യം എല്ലാവരുടെയുമാണ്. പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കരുതെന്നും സിർസ പറഞ്ഞു.