വലയ സൂര്യഗ്രഹണം കണ്ടു:15 പേരുടെ കാഴ്ച പോയി

Tuesday 21 January 2020 11:24 PM IST

ജയ്‌പൂർ: ഡിസംബർ 26ന് നടന്ന വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയ 15 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ജയ്‌പൂരിലെ സവായ് മാൻ സിംഗ് സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15 പേരും 10നും 20നും ഇടയിൽ പ്രായമുള്ളവരാണ്. സോളാർ റെറ്റിനൈറ്റിസ്

എന്ന രോഗം ബാധിച്ച ഇവരുടെ കാഴ്ച പൂർണമായും വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങൾ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവർക്ക് പ്രത്യേക ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സ കൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ വീണ്ടെടുക്കാനാവൂ എന്നും ഡോക്ടർമാർ പറഞ്ഞു.