ആപ്പ് വിമത എം.എൽ.എമാർക്ക് സീറ്റ് നൽകി എൻ.സി.പി

Tuesday 21 January 2020 11:28 PM IST

ന്യൂഡൽഹി: ആംആദ്മി പാർട്ടി സീറ്റ് നിഷേധിച്ച രണ്ടു സിറ്റിംഗ് എം.എൽ.എമാർ എൻ.സി.പി ടിക്കറ്റിൽ മത്സരിക്കും. സുരീന്ദർ സിംഗ് ഡൽഹി കൻറോൺമെൻറ് മണ്ഡലത്തിലും ഫത്തേഹ് സിംഗ് ഗോകുൽപുരിൽ നിന്നും വീണ്ടും ജനവിധി തേടും. മുംബയ് ഭീകരാക്രമണത്തിലെ ഭീകരരെ തുരത്തിയ എൻ.എസ്.ജി കമാൻഡോ സംഘത്തിലെ അംഗമായിരുന്നു സുരീന്ദർ സിംഗ്.

ഇതുൾപ്പെടെ ഏഴുസീറ്റുകളിലാണ് ഡൽഹിയിൽ എൻ.സി.പി മത്സരിക്കുന്നത്.

ആപ്പ് സീറ്റ് നിഷേധിച്ച മറ്റൊരു സിറ്റിംഗ് എം.എൽ.എ ആദർശ് ശാസ്ത്രി കോൺഗ്രസിൽ ചേർന്ന് ദ്വാരകയിൽ നിന്നു തന്നെ വീണ്ടും മത്സരിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ട അൽക ലാംബ എം.എൽ.എ ചൗന്ദ്നി ചൗക്കിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടുന്നുണ്ട്.