പുരോഹിത വേഷത്തിൽ ടാക്സി കാറിൽ കയറിയത് മലപ്പുറം സ്വദേശിയായ കൊടും ക്രിമിനൽ, മരണത്തിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Wednesday 22 January 2020 5:05 PM IST

പാലാ: പുരോഹിത വേഷത്തിലെത്തി കാർ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. യാത്രക്കാരന്റെ ബാഗിൽ നിന്ന് നൈലോൺ ഷാൾ കണ്ടെടുത്തതോടെ ഡ്രൈവറെ കഴുത്തുഞെരിച്ച് കൊന്ന് കാർ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഉറപ്പായി. കഴിഞ്ഞ ഞായറാഴ്ച മാളയിൽ വച്ചാണ് പാലായിൽ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ അപായപ്പെടുത്തി കാർ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. പാലാ ടാക്സി സ്റ്റാന്റിലെ ഡ്രൈവർ ഉപ്പൂട്ടിൽ ജോസാണ് അവസരോചിതമായ ഇടപെടലിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാരനായ പുരോഹിത വേഷധാരി മലപ്പുറം പരപ്പനങ്ങാടി പാറയിടത്തിൽ ജോബിൻ തോമസിനെ (31) മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജോസിന് പരാതി ഇല്ലാതിരുന്നതിനാൽ പിന്നീട് വിട്ടയച്ചു. എന്നാൽ തിരിച്ചെത്തിയ ഡ്രൈവർ പാലാ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ജോസിന്റെ വാഹനം ഓട്ടം പോവണമെന്നാവശ്യപ്പെട്ട് ഒരാൾ പാലാ സ്റ്റാൻഡിൽ എത്തിയത്. പോകാമെന്ന് സമ്മതിച്ചതോടെ ജോസിന്റെ ഫോൺനമ്പർ ആവശ്യപ്പെട്ടു. ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടർക്ക് കൊടുക്കാനാണെന്നാണ് ഇയാൾ ജോസിനോട് പറഞ്ഞത്. അരമണിക്കൂറിനുള്ളിൽ ഡയറക്ടറെന്ന് സ്വയം പരിചയപ്പെടുത്തി ജോസിന്റെ ഫോണിൽ കോൾ എത്തി. കൊട്ടാരമറ്റത്തുനിന്നും ഒരു വൈദികനെ കയറ്റി മാളയിലെ സെമിനാരിയിൽ എത്തിക്കണമെന്നതായിരുന്നു ആവശ്യം. ഇതനുസരിച്ച് ജോസ് കൊട്ടാരമറ്റത്ത് എത്തി പുരോഹിത വേഷധാരിയായ ജോബിനെ കാറിൽ കയറ്റി യാത്രതുടർന്നു.

കാറിൽ കയറിയതു മുതൽ അങ്കമാലി വരെ ഇയാൾ ദൈവികകാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. മൂവാറ്റുപുഴയിലെത്തിയപ്പോൾ കൂടെ സെമിനാരിയിൽ പഠിച്ചിരുന്ന വൈദികന്റെ വീട്ടിൽ കയറി അനുജനെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വീടിനുമുമ്പിൽ കാർ നിർത്തി. അതിനുമുമ്പേ കാറിൽ വച്ചുതന്നെ വൈദിക വേഷം ഊരിവച്ച് ഷർട്ടും പാന്റ്സും ധരിച്ചിരുന്നു. ഇതോടെ ചെറിയ സംശയം ജോസിന് തോന്നിയെങ്കിലും കാര്യമാക്കിയില്ല.

വീട്ടിൽ കയറി അനുജനെന്ന് പറഞ്ഞ ആളെയും കൂട്ടിക്കൊണ്ടു വന്ന് ഒരു ഹോട്ടലിൽ കയറി. തുടർന്ന് അനുജനെ കൂടാതെ ഇവർ യാത്രതുടർന്നു. അങ്കമാലിയിൽ എത്തിയപ്പോൾ മൂന്നു പേർ ജോസിന്റെ വാഹനത്തെ പിൻതുടരാൻ തുടങ്ങി. ഇതോടെ ജോസിന് സംശയം വർദ്ധിച്ചു. യാത്രക്കാരൻ അറിയാതെ മൊബൈലിൽ പാലായിലെ കൂട്ടുകാർക്ക് വിവരം കൈമാറി. ഡയറക്ടർ എന്നു പറഞ്ഞുതന്ന ഫോൺ നമ്പർ കൂട്ടുകാർക്ക് കൈമാറി. ആ ഫോൺനമ്പർ മറ്റാരുടേതെന്ന് മനസിലാക്കിയതോടെ സുഹൃത്തുക്കൾ വിവരം ജോസിനെ അറിയിക്കുകയായിരുന്നു. അപ്പോൾ വാഹനം മാള പൊലീസ് സ്റ്റേഷന് സമീപം എത്തിയിരുന്നു. പിന്നെ ഒന്നും ജോസ് ചിന്തിച്ചില്ല, നേരെ വാഹനം പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി വിവരം പറഞ്ഞു.

വൈദികനായതിനാൽ പൊലീസ് ഭയഭക്തിയോടെയാണ് പെരുമാറിയത്. എന്തോ പന്തികേട് തോന്നിയതോടെ പൊലീസ് സ്വരം മാറ്റി. ഇതോടെ ഇയാൾ പരുങ്ങി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ജോബി ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും കൊടും ക്രിമിനലാണെന്നും കണ്ടെത്തി. ജോബിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് നൈലോൺ ഷാളും കുറച്ചു പഴയതുണികളും കണ്ടെത്തിയത്. ജോസിന് പരാതിയില്ലെന്ന് പറഞ്ഞതോടെയാണ് മാള പൊലീസ് ഇയാളുടെ വിശദവിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. തിരിച്ചുവരാനുള്ള പെട്രോൾ കാശ് പോലുമില്ലാതിരുന്ന ജോസിനെ സ്റ്റേഷനിലെ പൊലീസുകാരാണ് പിരിവെടുത്ത് സഹായിച്ചത്.