നിയമസഭാ സമ്മേളനം 29 മുതൽ

Thursday 23 January 2020 12:35 AM IST

തിരുവനന്തപുരം: ഈ മാസം 30ന് ആരംഭിക്കാനിരുന്ന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം 29 മുതലാക്കി പുന:ക്രമീകരിക്കും. പൗരത്വഭേദഗതി നിയമത്തിനെതിരായ യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ 30ന് നടക്കുന്നതിനാൽ അന്ന് അസൗകര്യമുണ്ടെന്ന് പ്രതിപക്ഷം അറിയിച്ചതിനെ തുടർന്നാണിത്. സമ്മേളനം 29ന് ആരംഭിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

29ന് ഗവർണറുടെ നയപ്രഖ്യാപനം.. 30ന് സമ്മേളനമില്ല. 31ന് സിറ്റിംഗ് എം.എൽ.എയായിരുന്ന തോമസ് ചാണ്ടിക്ക് ചരമോപചാരമർപ്പിച്ച് സഭ പിരിയും. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ആറിന് പരിഗണനയ്ക്കെടുത്തേക്കും. ഒമ്പതോളം ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഈ സമ്മേളനത്തിൽ അവയിലേതൊക്കെ എടുക്കണമെന്നതിൽ 29ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.. സമ്പൂർണ്ണ ബഡ്ജറ്റ് പാസ്സാക്കാനായി മാർച്ച് ആദ്യം വീണ്ടും സഭാസമ്മേളനം ചേരുമ്പോൾ കൂടുതൽ ബില്ലുകൾ പരിഗണിച്ചേക്കും.

സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി ഏഴിന് ധനമന്ത്രി അവതരിപ്പിക്കും. 10 മുതൽ 12 വരെ തിയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി 12ന് സമ്മേളനം പിരിയാനാണ് ധാരണ. വാർഡ് വിഭജന ബിൽ പൊതു ചർച്ചയുടെ ദിവസങ്ങളിലേതിലെങ്കിലും അപരാഹ്ന സമ്മേളനം നിശ്ചയിച്ച് പാസ്സാക്കാനാണ് ആലോചിക്കുന്നത്.