പൗരത്വ നിയമ വിവാദം,​ ഗവർണർ ഭരണഘടന ലംഘിച്ചു: തുറന്നടിച്ച് സ്പീക്കർ

Thursday 23 January 2020 12:38 AM IST

തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനോട് വിയോജിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഭരണഘടന ലംഘിച്ചതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുറന്നടിച്ചു. നിയമസഭയിൽ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും കൗമുദി ടി.വിയുടെ സ്ട്രെയിറ്റ്ലൈൻ പരിപാടിയിൽ സ്പീക്കർ പറഞ്ഞു.

ഗവർണറെ നേരത്തേ പരോക്ഷമായി വിമർശിച്ചിരുന്നെങ്കിലും നിയമസഭാ പ്രമേയവുമായി ബന്ധപ്പെട്ട ആരോപണത്തിന് ഗവർണർ ഭരണഘടന ലംഘിച്ചെന്ന് സ്പീക്കർ പരസ്യമായി തുറന്നടിക്കുന്നത് ആദ്യമാണ്.

നിയമസഭ പരിഗണിച്ച ബില്ലിലോ മറ്റേതെങ്കിലും നടപടിയിലോ ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 175 ഉപവകുപ്പ് ( 2) വ്യക്തമാക്കുന്നുണ്ട്. ഇതുവരെ അദ്ദേഹം എഴുതി അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ ചട്ടലംഘനം നടത്തിയത് ഗവർണറാണ്. രാഷ്‌ട്രപതിയുടെ പ്രതിനിധിയാണ് ഗവർണർ. അദ്ദേഹത്തെ സംസ്ഥാനസർക്കാർ ആദരിക്കണം. അത് രാഷ്‌ട്രപതിയോടുള്ള ആദരം കൂടിയാണ്. അതിനർത്ഥം ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് മുകളിലാണ് എന്നല്ല. അച്ഛനേക്കാൾ മകൻ ശക്തനായിരിക്കാം. പക്ഷേ അച്ഛൻ അച്ഛൻ തന്നെയാണ്. ആന്തരികമായ അവബോധമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്നും സ്പീക്കർ പറഞ്ഞു.