വീണ്ടും വിരട്ടാൻ ആസിഫ് അലി: രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' ഉടൻ
ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിനുവേണ്ടിയാണ് ആസിഫ് വീണ്ടും കാക്കി അണിയുന്നത്. ജനുവരി 26ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഇൗ ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ഘട്ടമായി പൂർത്തിയാകും. മറ്റൊരു ലൊക്കേഷൻ രാജസ്ഥനാണ്. സണ്ണി വയ്ൻ,അലൻസിയർ, ഷറഫുദ്ദീൻ, ശെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
തൊണ്ടി മുതലും ദൃക് സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസും മാദ്ധ്യമ പ്രവർത്തകനായ ശ്രീജിത് ദിവാകരനും ചേർന്നാണ് രചന നിർവഹിക്കുന്നത്. തൊണ്ടി മുതലും ദൃക് സാക്ഷിയിൽ സബ് ഇൻസ് പെക്ടർ സാജൻ മാത്യു എന്ന കഥാപാത്രത്തെയാണ് സിബി തോമസ് അവതരിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ സിബി തോമസിന്റെ ഒൗദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഫിലിം റോൾ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ വി.ആർ അരുൺകുമാർ നിർമ്മിക്കുന്ന കുറ്റവും ശിക്ഷയുടെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവഹിക്കുന്നു. രാജീവ് രവി നിർമ്മിച്ച കിസ്മത്തിന്റെ ഛായാഗ്രാഹകനാണ് സുരേഷ് രാജൻ. അതേസമയം മനോജ് പാലോടൻ സംവിധാനം ചെയ്ത ഇതു താനടാ പൊലീസ് എന്ന ചിത്രത്തിലും ആസിഫ് അലി പൊലീസ് വേഷം അവതരിപ്പിച്ചിരുന്നു. പുതുവർഷത്തിൽ ആസിഫ് അലി ആദ്യം അഭിനയിക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും.രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്നത് ആദ്യമാണ്.