സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ, നടൻ പൃഥിരാജ് മാപ്പ് പറഞ്ഞു
പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'ഡ്രൈവിംഗ് ലൈസൻസി'ൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് അറിയിച്ചു. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് മാപ്പ് പറഞ്ഞത്.
സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് അഹല്യ കോടതിയെ സമീപിച്ചത്. നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.